സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയപ്പോൾ കൊമ്മിണേരിപാലത്തിനടുത്ത് നിന്നും വഴുതി വീഴുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട്: ചോറോട് എൻ.സി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ചോറോട് പുളിയുള്ളതിൽ ബിജീഷ് (22) നെയാണ് കാണാതായത്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഒഴുക്കിൽ പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയപ്പോൾ കൊമ്മിണേരിപാലത്തിനടുത്ത് നിന്നും വഴുതി വീഴുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ കടലിൽ കാണാതായി. വലിയങ്ങാട് പുതിയ പുരയിൽ അനൂപിനെയാണ് കാണാതായത്. ഇന്നലെ രാത്രിയിലാണ് സംഭവം. അനൂപിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ വർക്കലയിൽ കടലിലേക്ക് വീണ ഓട്ടോ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഫറൂക്കിൻ്റെ മൃതദേഹം മാന്തറ കടപ്പുറത്താണ് കണ്ടെത്തിയത്.
അതേസമയം, സംസ്ഥാനത്ത് മഴ ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കൻ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
എന്നാൽ കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. മുന്നൂറിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാനൂർ ചെറുപറമ്പിൽ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പതിനെട്ടുകാരനായി ഇന്നും തെരച്ചിൽ തുടരുകയാണ്. കോട്ടയം തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ വെള്ളത്തി മൂടിയത്. മോട്ടോർ തറയോട് ചേർന്നുള്ള ഭാഗത്താണ് മട വീഴ്ച ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുറംബണ്ടിന്റെ ബലക്ഷയമാണ് മടവീഴ്ചയ്ക്ക് കാരണം. കോട്ടയം അയ്മനത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. അയ്മനം മുട്ടേൽ സ്വദേശി സ്രാമ്പിത്തറ ഭാനു ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
