സംഭവം ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവും. കേരളം എവിടേക്കാണ് പോകുന്നതെന്നും കോടതി പരാമർശം.
കൊച്ചി: ഇലന്തൂരിലെ ആഭിചാരക്കൊലയിൽ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി. ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ് നടന്നതെന്ന് കോടതി പറഞ്ഞു. കേരളം എവിടേക്കാണ് പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിവിധ ഹർജികൾ പരിഗണിക്കവെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതക വാർത്ത സംബന്ധിച്ച് ഹൈക്കോടതി പരാമർശം നടത്തിയത്. ആളുകൾ ഇക്കാലത്ത് വിചിത്രമായാണ് പെരുമാറുന്നതെന്നും വരും തലമുറ ഇതെല്ലാം കണ്ടാണ് വളരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി
സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെയാണ് പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബലിനല്‍കിയത്. നരബലിയ്ക്കായി ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്‍തത് കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദാണ്. നരബലി ആസൂത്രണം ചെയ്തതിന്‍റെയും നടപ്പാക്കിയതിന്‍റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്.
ഭഗവൽ സിംഗിന്‍റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയ ലോട്ടറി വില്‍പ്പനക്കാരായ പത്മ, റോസിലി എന്നിവരുടെ മൃതദേഹം കണ്ടെത്തി. പ്രതികൾ മൂന്നു പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവൽ സിംഗിന്‍റെ വീട്ടിൽ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നുമാണ് കുറ്റസമ്മതം. റോസ്‌ലിനെ കാണാനില്ലെന്ന് കാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുക്കുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്.
ആദ്യം നരബലിക്ക് ഇരയാക്കിയ റോസ്‍ലിന്‍റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവ് ചെയ്‍തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റോസ്‍ലിന്‍റെ ശരീരം കഷ്ണങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത് കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

