Asianet News MalayalamAsianet News Malayalam

സിവിക് ചന്ദ്രന്‍റെ ജാമ്യം റദ്ദാക്കണം,പരാതിക്കാരിയുടെ വസ്ത്രധാരണ പരാമർശവും നീക്കണം-സർക്കാർ അപ്പീൽ ഹൈക്കോടതിയിൽ

യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ് കോതിയുടെ നിരീക്ഷണമെന്ന് ഹർജിയിൽ പറയുന്നു

The High Court will hear the government's appeal seeking cancellation of Civic Chandran's bail today
Author
First Published Aug 24, 2022, 6:19 AM IST

കൊച്ചി : ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊയിലാണ്ടി നന്തി കടപ്പുറത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കുവാൻ ശ്രമിച്ചെന്ന രണ്ടാമത്തെ കേസിൽ സിവികിന് മുൻകൂർ ജാമ്യം അനുവദിച്ചതിന് എതിരെയാണ് സർക്കാരിന്റെ ഹർജി

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് . യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ് കോതിയുടെ നിരീക്ഷണമെന്നും ഹർജിയിൽ പറയുന്നു.

ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുക. ദളിത്‌ യുവതിയെ പീഡിപ്പിച്ച ആദ്യ കേസിൽ നേരെത്തെ ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചിരുന്നു. 

ഇതിനിടെ സിവിക് ചന്ദ്രന്‍റെ വിവാദ ജാമ്യ ഉത്തരവുകൾ പുറപ്പെടുവിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ‍്ജി എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് മാറ്റം. എസ്.മുരളീ കൃഷ്ണനാണ് പുതിയ കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി. ഇതടക്കം നാല് ജില്ലാ ജഡ്ജിമാർക്കാണ് സ്ഥലംമാറ്റം. എറണാകുളം അഡി ജില്ലാ ജഡ്ജിയായിരുന്ന സി. പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും, കൊല്ലം ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസറായിരുന്ന ഡോ. സി. എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസറായും മാറ്റി നിയമിച്ചിട്ടുണ്ട്.

ഹൈക്കോടതി റജിസ്ട്രാര്‍ ജനറലാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. 
 

Follow Us:
Download App:
  • android
  • ios