Asianet News MalayalamAsianet News Malayalam

LJD| പിളർപ്പിന്‍റെ വക്കിൽ എൽജെഡി; ഇടത് നേതൃത്വത്തെ കണ്ട് വിമതര്‍, കത്തുനല്‍കി, നാളെ നിര്‍ണ്ണായക യോഗം

ശ്രേയാംസ് കുമാറിന്‍റെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് നേതൃയോഗം ചേരും. നാളത്തെ നേതൃയോഗത്തിൽ വിമതർക്കെതിരെ നടപടി ഉണ്ടായാൽ പാർട്ടി പിളരാനാണ് സാധ്യത. ശ്രേയാംസ് സ്ഥാനം ഒഴിയാൻ വിമതർ നൽകിയ സമയപരിധി തീരുന്നതും നാളെയാണ്.

The rebels in ljd gave letter to ldf crucial meeting on Saturday
Author
Kozhikode, First Published Nov 19, 2021, 5:49 PM IST

കോഴിക്കോട്: എൽജെഡിയിലെ (LJD) തർക്കം രൂക്ഷമായിരിക്കെ യഥാർത്ഥ പാർട്ടി തങ്ങളാണെന്ന് അവകാശപ്പെട്ട് വിമതനേതാക്കൾ എൽഡിഎഫ് (LDF) നേതാക്കളെ കണ്ട് കത്ത് നൽകി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വിമതയോഗം വിളിച്ച നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ഔദ്യോഗിക പക്ഷത്ത് നിന്നും ഉയരുന്നുണ്ട്. ഇതിനിടെയാണ് വിമതനേതാക്കളായ ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രൻ പിള്ളയും ഇടത് നേതാക്കളെ കണ്ടത്. ഭൂരിപക്ഷം ഭാരവാഹികളും തങ്ങൾക്കൊപ്പാണെന്നാണ് അവകാശവാദം.

ശ്രേയാംസ് കുമാറിന്‍റെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് നേതൃയോഗം ചേരും. നാളത്തെ നേതൃയോഗത്തിൽ വിമതർക്കെതിരെ നടപടി ഉണ്ടായാൽ പാർട്ടി പിളരാനാണ് സാധ്യത. ശ്രേയാംസ് സ്ഥാനം ഒഴിയാൻ വിമതർ നൽകിയ സമയപരിധി തീരുന്നതും നാളെയാണ്. അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും സമവായ സാധ്യത പൂർണ്ണമായും അടക്കാതെയാണ് ശ്രേയാംസിന്‍റെ പ്രതികരണം. വിമതരുടെ നീക്കം അച്ചടക്കലംഘനമാണെന്ന് ആവർത്തിച്ച സംസ്ഥാന പ്രസിഡന്‍റ് ചർച്ചക്ക് ഇനിയും സമയമുണ്ടെന്നും അറിയിച്ചു. ഭിന്നത തീർക്കാൻ ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജിന്‍റെ  നേതൃത്വത്തിൽ അനുനയ നീക്കം നടക്കുന്നുണ്ട്. വിമതരെ നാളെ പുറത്താക്കിയാൽ ഉടൻ യോഗം ചേർന്ന് ശ്രേയാംസിനെയും വിമർതർ പുറത്താക്കും. 

ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് സ്ഥാനമൊഴിയാന്‍ ശ്രേയാംസിന് അന്ത്യശാസനം നൽകിയത്. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതൽ ശ്രേയാംസിനെതിരെ എതിർചേരി നീക്കം തുടങ്ങിയിരുന്നു. പ്രസിഡന്‍റ് സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രിസ്ഥാനവും അർഹമായ  ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽഡിഎഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വിമതര്‍ കുറ്റപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios