കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നത് അവസരവാദപരമാണെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വിമർശിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ അവർ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന

തിരുവനന്തപുരം: കൊട്ടാരക്കര മുൻ എം എൽ എ ഐഷ പോറ്റി സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി സി പി എം കൊല്ലം ജില്ലാ കമ്മിറ്റി. 'അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ല' എന്നും ഐഷാപോറ്റിയുടെ നിലപാട് അവസരവാദപരം എന്നുമാണ് സി പി എം കൊല്ലം ജില്ലാ കമ്മിറ്റി വിമർശിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഐഷ പോറ്റി പാർട്ടിയിൽ സജീവം അല്ലാതെ ആയി. ഏത് സാഹചര്യത്തിലാണ് ഐഷ പോറ്റി കോൺഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും സി പി എം ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

അതേസമയം യു ഡി എഫ് സഹകരണ ചർച്ചകൾക്കിടെ ഐഷാ പോറ്റി, കേന്ദ്ര വിരുദ്ധ പോരാട്ടത്തിന് കോൺഗ‌സ് സംഘടിപ്പിച്ച രാപ്പകൽ സമര വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട സി പി എം ബന്ധം ഉപേക്ഷിച്ചായിരുന്നു ഐഷ എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇവരെ സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. കൊട്ടാരക്കരയിൽ യു ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഐഷ പോറ്റിയുടെ വരവിനെ വർണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും യു ഡി എഫിലും വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെ സി വേണുഗോപാലും അഭിപ്രായപ്പെട്ടു.

കൊട്ടാരക്കരയിലെ ഹാട്രിക്ക് വിജയി

2006 ൽ കേരള കോൺഗ്രസ് ബി അതികായൻ ആർ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് കൊട്ടാരക്കര എം എൽ എ ആയി ഐഷ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കരയിലെ ജനം അവരെ തെരഞ്ഞെടുത്തു. മൂന്നാം തവണ നേടിയ മികച്ച വിജയത്തിന് പിന്നാലെ മന്ത്രിയാകുമെന്ന് വരെ കേട്ടിരുന്നു. ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല സി പി എമ്മുമായി പ്രഥമദൃഷ്ഠ്യാ അകൽച്ചയിലുമായി. ഉമ്മൻചാണ്ടി അനുസ്മരണ വേദിയിലെത്തി കോൺഗ്രസ് അനുകൂല മാനസികാവസ്ഥ പ്രകടിപ്പിച്ചതോടെ സി പി എം പൂർണ്ണമായും കൈവിട്ടു. ഏറിയും കുറഞും ചർച്ചകൾ പുരോഗമിച്ചെങ്കിലും ബത്തേരി ക്യാമ്പിൽ കൊട്ടാരക്കരയിലെ സാധ്യതകൾ കൊടിക്കുന്നിൽ ചർച്ചയാക്കി. തുടർച്ച ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് നടത്തിയ കരുനീക്കങ്ങളാണ് ഐഷാ പോറ്റിയെ കോൺഗ്രസാക്കിയത്. മറ്റ് അത്ഭുതം നടന്നില്ലെങ്കിൽ കൊട്ടാരക്കയിൽ കെ എൻ ബാലഗോപാൽ ഇടത് സ്ഥാനാർഥിയായെത്തിയാൽ കൈപ്പത്തി ചിഹ്നത്തിൽ ഐഷാ പോറ്റി എതിരാളിയാകുമെന്ന് ഉറപ്പാണ്.