ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ ആണ് തകർന്നുവീണത്
ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്നുവീണ് തൊഴിലാളികൾ വെള്ളത്തിൽ വീണു. ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ ആണ് തകർന്നുവീണത്. ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. ഇതിൽ രണ്ട് പേരെ കാണാനില്ല. മറ്റുള്ളവർ നീന്തി കരക്കെത്തിയിരുന്നു. മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക് (24), തൃക്കുന്നപ്പുഴ സ്വദേശി ബിനു(42) എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്.
ചെന്നിത്തല- ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. കാണാതായ തൊഴിലാളികൾക്ക് വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.
അതേസമയം, പാലത്തിന്റെ സ്പാൻ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വേണ്ട സുരക്ഷ മുൻ കരുതലുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. ആദ്യ പരിഗണന വെള്ളത്തിൽ വീണ രണ്ടു തൊഴിലാളികളെ കണ്ടെത്തുന്നതിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
