റിസോർട്ടിലെത്തിയ മാധ്യമങ്ങളോട് രഞ്ജിത്ത് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞു. പിറകെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് ഉണ്ടായി. പിന്നാലെ രഞ്ജിത്ത് അവിടെ നിന്ന് പോയെന്നാണ് വിവരം ലഭിച്ചത്. അതിനിടെ, കേരള ചലച്ചിത്ര അക്കാദമി എന്ന ബോർഡ് അഴിച്ചുമാറ്റി വാഹനം കൊണ്ടുപോവുകയായിരുന്നു.  

തിരുവനന്തപുരം: ബം​ഗാളി നടിയിൽ നിന്ന് ലൈംഗികാരോപണം ഉയർന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദം ശക്തം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. വിഷയത്തിൽ സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. രഞ്ജിത്തിനെതിരെ നിലപാട് മയപ്പെടുത്തി മന്ത്രിമാർ രം​ഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാണ്. മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമെന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും രഞ്ജിത്തിൻ്റെ രാജിയുടെ തീരുമാനം. 

അതേസമയം, രഞ്ജിത്തിന്റെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡ് മാറ്റി. വയനാട്ടിലെ റിസോർ‌ട്ടിൽ നിന്ന് ബോർഡ് മാറ്റിയാണ് വാഹനം കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് രഞ്ജിത്ത് റിസോർട്ടിലെത്തിയത്. റിസോർട്ടിലെത്തിയ മാധ്യമങ്ങളോട് രഞ്ജിത്ത് പ്രതികരിക്കുന്നില്ലെന്നാണ് പറഞ്ഞത്. പിറകെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് ഉണ്ടായി. പിന്നാലെ രഞ്ജിത്ത് അവിടെ നിന്ന് പോയെന്നാണ് വിവരം ലഭിച്ചത്. അതിനിടെ, കേരള ചലച്ചിത്ര അക്കാദമി എന്ന ബോർഡ് അഴിച്ചുമാറ്റി വാഹനം കൊണ്ടുപോവുകയായിരുന്നു. അതിനിടെ, രഞ്ജിത്തിന്റെ കോഴിക്കോട്ടെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട് ചാലപ്പുറത്തെ വീടിനാണ് സുരക്ഷ ഏർപ്പെടുത്തിയത്. വയനാട്ടിൽ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് പൊലീസിനെ വിന്യസിച്ചത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു. ബംഗാളി നടിയുടെ ആരോപണം കേരളത്തിനാകെ അവമതിപ്പുണ്ടാക്കുന്നതാണെന്ന നിലപാടിലാണ് ആനി രാജ. സംസ്ഥാനത്തിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി. രഞ്ജിത്ത് സ്വയം ഒഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലും രഞ്ജിത്തിനെതിരെ എതിർശബ്ദം ഉയരുന്നു. ആരോപണം ഗൗരവമുള്ളതാണെന്ന നിലപാടാണ് ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങളായ മനോജ് കാനയും എന്‍ അരുണും പങ്കുവച്ചത്. 

എന്നാൽ ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ ര‍ഞ്ജിത്തിന് പൂർണ്ണസംരക്ഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ബംഗാളി നടി പരാതി നൽകിയാൽ മാത്രം നടപടിയെന്നാണ് സാംസ്ക്കാരിക മന്ത്രിയുടെ നിലപാട്. രഞ്ജിത് ഇന്ത്യ കണ്ട പ്രഗല്ഭനായ സംവിധായകനെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെതിരെ വൻ വിമർശനം ഉയർന്ന ശേഷം ഇട്ട ഫേസ് ബുക്ക് പോസ്റ്റിലും പറയുന്നത് ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ്. നേരത്തെയും രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രിയാണ് പരിപൂർണ്ണ സംരക്ഷണം നൽകിയത്. ലൈംഗിക ആരോപണം കടുക്കുമ്പോഴും ആ പിന്തുണ തുടരുകയാണ്. ആരോപണം അടിസ്ഥാന രഹിതമാണെന്ന രഞ്ജിത്തിൻറെ വിശദീകരണത്തിനൊപ്പമാണ് സർക്കാറും സിപിഎമ്മും. 

ബംഗാളി നടി ശ്രീലേഖാ മിത്ര ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ ശ്രീലേഖക്കുണ്ടായ അനുഭവം ശരിയാണെന്ന് സംവിധായകൻ ജോഷി ജോസഫും ശരിവെച്ചിരുന്നു. ഇനി ആരോപണം തെളിയിക്കേണ്ട ബാധ്യത ഇരക്കാണോ എന്ന ചോദ്യമാണ് ഉയർന്ന് നിൽക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടിയിലെന്ന പോലെ രഞ്ജിത്തിനെതിരായ ആരോപണത്തിലും പറച്ചിലിൽ മാത്രം 'ഇരക്കൊപ്പം' സ്വീകരിക്കുകയാണ് സർക്കാർ. 

'സംവിധായകൻ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണം'; വിമർശനവുമായി നടി ഉഷ ഹസീന

https://www.youtube.com/watch?v=Ko18SgceYX8