കരുനാഗപ്പള്ളിയിൽ വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ കള്ളൻ തിരികെ കൊണ്ടുവെച്ചു. മാസ്കും തൊപ്പിയും ധരിച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചക്കാലമുക്ക് സ്വദേശി രമ്യയുടെ സ്കൂട്ടർ മോഷണം പോയത്.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ കള്ളൻ തിരികെ കൊണ്ടുവെച്ചു. വീടിന് സമീപത്തെ കടയ്ക്ക് മുന്നിലാണ് മോഷ്ടാവ് സ്കൂട്ടർ ഉപേക്ഷിച്ചത്. മാസ്കും തൊപ്പിയും ധരിച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ചക്കാലമുക്ക് സ്വദേശി രമ്യയുടെ സ്കൂട്ടർ മോഷണം പോയത്.

രമ്യയു‌ടെ വീടിന്റെ ​ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ട് റോഡിലൂടെ നടന്നു പോയ മോഷ്ടാവ് അകത്ത് കയറി വിടിന് മുന്നിൽ ഉണ്ടായിരുന്ന സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു. സമീപത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ കള്ളൻ വീട്ടിലെ സിസിടിവി കണ്ടില്ല. മോഷണ ദൃശ്യം സഹിതം വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. മാസ്കും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാവിൻ്റെ ദൃശ്യം മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്കൂട്ടർ കള്ളൻ തിരികെ കൊണ്ടുവെച്ചു. രാവിലെ സമീപത്തെ കടയ്ക്ക് മുന്നിൽ നിന്നാണ് രമ്യയ്ക്ക് സ്കൂട്ടർ കിട്ടിയത്. ആരാണ് മോഷ്ടാവെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്തായാലും മോഷണ മുതൽ ഒരു പോറൽപോലും ഇല്ലാതെ ഇല്ലാതെ തിരികെ നൽകിയ കള്ളൻ നാട്ടിലാകെ വൈറലാണ്.