തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടിയിൽ പ്രതികരിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ധനമന്ത്രി തോമസ് ഐസകും. ശമ്പളം കൊടുക്കാൻ ആവശ്യമായ പണം സര്‍ക്കാരിന്റെ കൈവശം ഇല്ലാത്ത സാഹചര്യത്തിലാണ് ശമ്പളം പിടിക്കാനുള്ള നടപടിയിലേക്ക് നീങ്ങിയതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, തുടർനടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. 

അസാധാരണമായ സാഹചര്യമാണ് സർക്കാരിന് മുമ്പിൽ ഉള്ളതെന്നും ഇതിന് മുമ്പ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ സ്വീകരിച്ചിട്ടില്ലല്ലോ എന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കോടതി ഉത്തരവ് പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി ഉത്തരവ് സർക്കാർ മാനിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. 

എന്നാൽ, ഉത്തരവ് നിയമപരമാക്കാൻ എന്തുവേണമെന്ന് ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറ‍ഞ്ഞു. വിധിപകർപ്പ് വന്നശേഷം എന്തുവേണമെന്ന് തീരുമാനിക്കും. കോടതി വിധി കേരളത്തിന് ബാധകമാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തിനും ബാധകമായിരിക്കുമെന്നും തോമസ് ഐസക് പ്രതികരിച്ചു. വിധി പരിശോധിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. 

Also Read: ശമ്പളബില്ല് മാറേണ്ടതിനിടെ തിരിച്ചടിയായി ഉത്തരവ്, ആശയക്കുഴപ്പത്തിൽ സർക്കാർ, ഇനിയെന്ത്?

 

ശമ്പളം വഴിയല്ലാതെ പണം എവിടെ നിന്ന് കിട്ടുമെന്ന് വിശദമായി ആലോചിക്കേണ്ടി വരും. സർക്കാർ അസാധാരണമായ പ്രതിസന്ധിയിൽ ഉഴലുമ്പോഴും ചിലർ സർക്കാരിന് ഒരു സഹായവും ചെയ്യില്ല എന്ന തീരുമാനവുമായി ഇരിക്കുകയാണെന്നും, തോമസ് ഐസക് വിമർശിച്ചു. കേരളത്തിന്‍റെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവുകളും സ്റ്റേ ആകുമെന്നാണ് തന്‍റെ അറിവെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു. 

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്താണ് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളം അവകാശമാണെന്ന് നിരീക്ഷിച്ച കോടതി, സര്‍ക്കാര്‍ നടപടി രണ്ട് മാസത്തേക്കാണ് സ്റ്റേ ചെയ്തത്. കേസ് മേയ് 20 ന് വീണ്ടും പരിഗണിക്കും.

Also Read: ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് രണ്ട് മാസത്തേക്ക് സ്റ്റേ, അവ്യക്തമെന്ന് ഹൈക്കോടതി