തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മേയർ സ്ഥാനത്തേക്ക് മൂന്ന് വനിതകളെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. പട്ടികയിൽ രണ്ട് കെപിസിസി സെക്രട്ടറിമാരുമുണ്ട്.
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷൻ പിടിക്കാൻ അങ്കം കുറിച്ച് മുന്നണികൾ. തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മേയർ സ്ഥാനത്തേക്ക് മൂന്ന് വനിതകളെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ലാലി ജയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോൺഗ്രസ് പട്ടികയിൽ രണ്ട് കെപിസിസി സെക്രട്ടറിമാരുമുണ്ട്. ജോൺ ഡാനിയൽ പാട്ടുരായ്ക്കലിലും എ പ്രസാദ് സിവിൽ സ്റ്റേഷനിലും മത്സരിക്കും.
തൃശൂർ കോർപ്പറേഷനിൽ മത്സരചിത്രം തെളിയുകയാണ്. കോൺഗ്രസില്‍ നിന്ന് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ലാലി ജയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവർ മത്സരിക്കേണ്ടതെവിടെ എന്നതിൽ ഏകദേശ ധാരണയായിട്ടുണ്ട്. ലാലി ജയിംസ് ലാലൂരിലും നിജി ജസ്റ്റിൻ കിഴക്കുമ്പാട്ടുകരയിലും സുബി ബാബു ഗാന്ധിനഗറിലും മത്സരിച്ചേക്കും. കിഴക്കും പാട്ടുകരയിൽ പ്രാദേശിക വാദം ശക്തമായാൽ നിജിക്ക് മറ്റെതെങ്കിലും ഡിവിഷൻ നൽകും എന്നാണ് നിലവിലെ ധാരണ. അതേസമയം, പത്ത് വാർഡുകളിൽ ബിജെപി പരിഗണിക്കുന്നത് ക്രിസ്ത്യൻ സ്ഥാനാർത്ഥികളെയാണ്. രണ്ട് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ട എന്ന തീരുമാനത്തിലാണ് സിപിഎം. കോൺഗ്രസ് രണ്ട് ജനറൽ സീറ്റുകളിൽ വനിതകളെ നിർത്തിയേക്കും. പുതൂർക്കരയിൽ മെഫി ഡെൽസണും ചേറൂരിൽ അഡ്വക്കറ്റ് വില്ലി ജിജോയും മത്സരിച്ചേക്കും. യൂത്തിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹനും മത്സരിക്കും. പൂത്തോളിൽ മിഥുൻ മത്സരിച്ചേക്കും എന്നാണ് ധാരണ.
