തിരുവനന്തപുരം: മുംബൈയിൽ നിന്ന് എത്തി തൃശൂരിൽ വെച്ച് മരിച്ച ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന അഞ്ച് പേരെ ക്വാറന്‍റീനിലാക്കി. ഖദീജക്കൊപ്പം നാട്ടിലേക്ക് എത്തിയ മൂന്ന് പാലക്കാട് അമ്പലപ്പാറ സ്വദേശികള്‍ക്കൊപ്പം ഇവരുടെ മകനും ഇവരെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവറുമാണ് നിലവിൽ ക്വാറന്‍റീനിലുള്ളത്. 

അമ്പലപ്പാറ സ്വദേശികൾ വീടുകളിൽ നിരീക്ഷണത്തിലാണുള്ളത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇവരുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. നിലവിൽ ഇവർക്ക് രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊ ഇല്ല. എന്നാൽ ഖദീജയുടെ മരണം കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ പരിശോധനാ ഫലം പൊസിറ്റീവാകുകയോ ചെയ്താൽ ഇവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. 

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മുംബൈയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയുടെ മരണം ചാവക്കാട് ആശുപത്രി

മുംബൈയിലെ മകളുടെ വീട്ടില്‍ പോയതായിരുന്നു ഖദീജ. തിരികെ കേരളത്തിലേക്കുള്ള യാത്രയ്ക്കുള്ള അനുമതി ലഭിച്ചത് മെയ് 22 ലേക്കായിരുന്നു. എന്നാൽ മഞ്ചേശ്വരം ചെക്പോസ്റ്റ് വഴി മെയ് 20 ന് രാവിലെയാണ് ഖദീജയും രണ്ട് പുരുഷന്മാരും മറ്റൊരു സ്ത്രീയുമടങ്ങുന്ന സംഘം നാട്ടിലേക്ക് എത്തിയത്. മൂന്ന് പേരടങ്ങുന്ന സംഘത്തിന്‍റെ യാത്രയിൽ ഇവരും പങ്ക് ചേരുകയായിരുന്നുവെന്ന് പാലക്കാട് ജില്ല ഇൻഫർമേഷൻ ഓഫീസര്‍ വ്യക്തമാക്കി. 

നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സവുമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നവരാണ് മരിച്ച ഖദീജ. ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.