നാടന്‍ പ്രയോഗങ്ങളിലെ മുനകള്‍; വി എസിന്റെ വിവാദ പരാമര്‍ശങ്ങള്‍
സമീപകാല കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വാമൊഴി വഴക്കങ്ങളുടെ സൃഷ്ടാവ് കൂടിയാണ് വി.എസ്

സിപിഎമ്മിന്റെ സമുന്നത നേതാവായ വിഎസ് അച്യുതാനന്ദന്‍ പലപ്പോഴും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ രാഷ്ട്രീയ ജീവിതത്തില്‍ പുലിവാല്‍ പിടിച്ചിട്ടുണ്ട്. രാഷ്ട്രീയതലത്തില്‍ വിഎസിന്റെ ചില വാക്കുകളും പ്രയോഗങ്ങളും പലപ്പോഴും ഉണ്ടാക്കിയത് പൊട്ടിത്തെറികളാണ്. ഇത്തരത്തിലുണ്ടായ ചിലത് പരിശോധിക്കാം.
''എല്ലാവര്‍ക്കും അറിയാമല്ലോ. അവര്‍ പ്രശസ്തയാണ് ''
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഈ സംഭവം. മലമ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ''ലതികാ സുഭാഷിനെ എല്ലാവര്‍ക്കും അറിയാമല്ലോ. അവര്‍ പ്രശസ്തയാണ്, ഏത് തരത്തില്‍ എന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി'' എന്ന് വി എസ് പാലക്കാട് പ്രസ് ക്ലബില്‍ മുഖാമുഖത്തിലായിരുന്നു വിഎസ് പറഞ്ഞത്.
മുഖ്യമന്ത്രി വിഎസ് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി പരാതി നല്‍കിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ അത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയുമാക്കി. 23440 വോട്ടുകള്‍ക്ക് വിഎസ് വിജയിച്ചെങ്കിലും എതിരാളികള്‍ ഇന്നും ഇത് ചര്‍ച്ചയാക്കുന്നുണ്ട്.
സിന്ധുജോയിക്കെതിരെ നടത്തിയ പരാമര്‍ശം
2012 പിറവം ഉപതെരഞ്ഞെടുപ്പ് സമയം തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സിപിഎമ്മിന്റെ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ് യുഡിഎഫിലേക്ക് കാലുമാറിയത്. ഇതിനെ പരാമര്‍ശിച്ചാണ് അന്ന് പ്രതിപക്ഷ നേതാവായ വിഎസ്, സിന്ധുജോയിക്കെതിരെ പരാമര്‍ശം നടത്തിയത്. 2011ല്‍ സിന്ധു ജോയി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെ സൂചിപ്പിച്ച് വിഎസ് 'അഭിസാരികകളെയെന്ന പോലെ' സിന്ധുജോയിയെ യു.ഡി.എഫ് ഉപയോഗിച്ച് തള്ളിയെന്ന് പറഞ്ഞത് വിവാദമായി. താന്‍ ഉദ്ദേശിച്ചത് സിന്ധുവിനെ കോണ്‍ഗ്രസ് കറിവേപ്പില പോലെ തള്ളിയെന്നാണെന്ന് വി.എസ് പിന്നീട് വ്യക്തമാക്കിയിരുന്നു എങ്കിലും ഇത് സംബന്ധിച്ച് വിവാദം അന്ന് കത്തിയാളി. പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധവും വിഎസിന്റെ പ്രസ്താവനയായിരുന്നു.
Read also: പാര്‍ട്ടിയെ തള്ളി കൂടംകുളത്തേക്ക് വി.എസ്, പാതിവഴിയിലെ മടക്കവും
വിഎസിന്റെ 'മലപ്പുറം' പരാമര്‍ശം
2005-ലെ സംസ്ഥാന മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ച സമയത്താണ് 'മലപ്പുറത്തെ കുട്ടികള്‍ മുഴുവന്‍ കോപ്പി അടിച്ചാണ് പരീക്ഷ പാസാകുന്നത്' എന്ന് അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞതായി പലപ്പോഴും രാഷ്ട്രീയ എതിരാളികള്‍ പറയാറുണ്ട്. എന്നാല്‍ ഇത് 2005-ലെ എന്‍ട്രന്‍സ് പരീക്ഷാ ഫലം വന്നപ്പോള്‍, ആ വര്‍ഷത്തെ എന്‍ട്രന്‍സ് ലിസ്റ്റില്‍ മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന് അതെ കുറിച്ച് അന്വേഷണം നടത്തണം എന്നാണ് പറഞ്ഞതെന്ന് വിഎസ് പിന്നീട് വ്യക്തമാക്കി. മുസ്ലീം ലീഗ് നേതാവ് നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന് അന്നത്തെ പ്രവേശന പരീക്ഷ കണ്‍ ട്രോളര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിന്റെ പ്രസ്താവന.
'പട്ടിപ്രയോഗം' മുതല്‍ 'രാജാവിന്റെ പായസ പാത്രം'വരെ
മുംബൈ ഭീകരാക്രമണ കേസില്‍ വീരമൃത്രു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് രാജ്യത്തിന്റെ മുഴുവന്‍ സഹതാപതരംഗം എത്തിയ സമയത്ത് 'പട്ടിപ്രയോഗത്തിലൂടെ' വി.എസ് പുലിവാലുപിടിച്ചത് ഏറെ വിവാദമായിരുന്നു. ദേശിയ മാധ്യമങ്ങള്‍ വരെ അന്ന് വി.എസിന്റെ വാക്പ്രയോഗത്തെ പ്രധാന വാര്‍ത്തയാക്കി മാറ്റിയിരുന്നു. ഇത്തരം നാടന്‍ പ്രയോഗങ്ങള്‍ വി.എസ് മാധ്യമങ്ങളെ സമീപിക്കുമ്പോള്‍ പലപ്പോഴും ഉപയോഗിച്ചിട്ടുമുണ്ട്. സോണിയാ ഗാന്ധിയെ 'വല്യമ്മ' എന്ന് വിളിച്ചു കളിയാക്കിയത് ഇതേ വി.എസ് തന്നെയായിരുന്നു. മുമ്പ് തിരുവല്ലയിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് എലിസബത്ത് മാമന്‍ മത്തായിയെയും ഇതേ പോലെ തന്നെ 'വല്യമ്മച്ചി' പ്രയോഗത്തിലൂടെ വി.എസ് കളിയാക്കിയത് ഏറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയിരുന്നു.
സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയെ 'പോഴന്‍' എന്നു വിളിച്ചതും വി.എസിന്റെ ഒരു പ്രശസ്തമായ വാമൊഴിയാണ്. ഇടതുപക്ഷ ചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെ 'കുരങ്ങന്‍' എന്നുവിളിച്ചതും വി.എസ് തന്നെ. കുരങ്ങന്‍, പോഴന്‍ എന്നൊക്കെയുള്ള നാടന്‍ പദപ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രയോഗിച്ച് കുഴപ്പത്തില്‍ ചാടിയ മാറ്റൊരു നേതാവും വി എസിനെപ്പോലെ കേരളത്തിലില്ല എന്നു തന്നെ പറയാം. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുള്‍ കലാമിനെ 'മേല്‍പ്പോട്ടു വാണംവിടുന്നവര്‍' എന്ന സംബോധനയിലൂടെ കളിയാക്കിയപ്പോഴും വിഎസ് വിമര്‍ശിക്കപ്പെട്ടു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി ജനചര്‍ച്ചയായി നിന്ന നാളുകളില്‍ 'പായസപാത്രത്തില്‍ ക്ഷേത്രമുതല്‍ കട്ടുകടത്തുന്ന കാട്ടുകള്ളന്‍മാര്‍' എന്ന പ്രയോഗവും വി.എസിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരത്തില്‍ സമീപകാല കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വാമൊഴി വഴക്കങ്ങളുടെ സൃഷ്ടാവ് കൂടിയാണ് വി.എസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...