ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ ഇതാ... 

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന അസാധാരണ പ്രതിഷേധവും തുടര്‍ സംഭവങ്ങളും തന്നെയാണ് കേരളത്തില്‍ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്ത. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധം കയ്യാങ്കളിയിലേക്ക് വരെ എത്തി. കൂടാതെ, സ്വപ്ന സുരേഷിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീല്‍ നോട്ടീസ് അയച്ചതും സുപ്രധാന വാര്‍ത്തയായി. ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ ഇതാ... 

സ്വപ്നയ്ക്ക് എം വി ഗോവിന്ദന്‍റെ വക്കീല്‍ നോട്ടീസ്

സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

അസാധാരണ പ്രതിഷേധം, മുഖ്യമന്ത്രിയും സ്പീക്കറും തമ്മിൽ കൂടിക്കാഴ്ച

പ്രതിപക്ഷത്തിന്‍റെ അസാധാരണ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതിന് എതിരെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. 

'സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം സഭയിൽ ചർച്ച ചെയ്യണം എന്നാ​ഗ്രഹിച്ചതിൽ എന്താണ് തെറ്റ്?'

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം സഭയിൽ അടിയന്തരമായി ചർച്ച ചെയ്യണം എന്നാ​ഗ്രഹിച്ചതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം; നാല് എംഎൽഎമാർക്ക് പരിക്കേറ്റു

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരിക്കേറ്റതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭയിലെ മുതിർന്ന എംഎൽഎമാരിലൊരാളായയ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഡെപ്യൂട്ടി ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. സനീഷ് കുമാർ എംഎൽഎ, എ കെ എം അഷ്റഫ്, ടിവി ഇബ്രാഹിം, കെ കെ രമ എന്നിവർക്കാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവ് കോൺഗ്രസിലെ ഒറ്റുകാരനെന്ന് മന്ത്രി റിയാസ്

കോൺഗ്രസിലെ ഒറ്റുകാരൻ, ബിജെപിയുമായി ബന്ധം, മന്ത്രിമാരെ ആക്ഷേപിക്കുന്നു തുടങ്ങി പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി റിയാസ്. ജീവിതത്തിൽ ഇന്നുവരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്ന് അറിയില്ല. രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ മന്ത്രിമാരെ കിട്ടില്ലെന്നും റിയാസ് പറഞ്ഞു.

ബ്രഹ്മപുരത്ത് മൗനം വെടിഞ്ഞ് പിണറായി

 ബ്രഹ്മപുരം തീപിടുത്തത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സോൺട കമ്പനിക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ലെന്ന് എം വി ​ഗോവിന്ദൻ

സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബ്രഹ്മപുരത്ത് വീഴ്ച പറ്റിയത് ആർക്കൊക്കെ എന്ന് കണ്ടെത്തി നടപടി എടുക്കും. കമ്പനി ഏതെന്ന് നോക്കിയല്ല സർക്കാർ നടപടി എടുക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 

വിജേഷ് പിള്ള ഒളിവിൽ? 

സ്വപ്ന സുരേഷിനെ കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീൽഡ് ഡിസിപി വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ് വഴിയാണ് സമൻസ് നൽകിയത്.

ലോക്സഭയിൽ വീണ്ടും ബഹളം

ലോക്സഭയിൽ വീണ്ടും ഭരണ - പ്രതിപക്ഷ ബഹളം. പാര്‍ലമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ബഹളം തുട‍ർന്നതോടെ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചിരുന്നു. വീണ്ടും തുടങ്ങിയപ്പോഴും സഭയിൽ ബഹളം തുട‍ർന്നു. ‌അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും നാളത്തേക്ക് പിരിഞ്ഞു. 

അദാനി വിഷയം: കൊടും അഴിമതിയിൽ അന്വേഷണം വേണമെന്ന് ഖർഗെ

 അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. പാർലമെൻ്റിൽ നിന്നും ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് പാർലമെൻ്റ് വളപ്പിൽ തന്നെ പൊലീസ് തടഞ്ഞു. റോഡിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച എംപിമാർ പിന്നീട് തിരിച്ചു പോയി