ജമാഅത്ത് ഇസ്ലാമി ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയില്‍ യുഡിഎഫിന്  ബന്ധമെന്ന മുഖ്യമന്ത്രിയുടെ ആരോപണവും അതിനോടുള്ള പ്രതികരണങ്ങളുമാണ് ഇന്ന് വലിയതോതിൽ ചർച്ചയായത്. ഇതടക്കം ഇന്നത്തെ 10 പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിലറിയാം

1കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാ‌ർഥിനി പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കസബ പൊലീസാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിക്കാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. സൗഹൃദം നടിച്ചെത്തിയ രണ്ടുപേരാണ് കുട്ടിയെ പീ‍ഡിപ്പിച്ചത്. വിദ്യാർഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഇവ‍ർ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

2'അസംബന്ധം'; ജമാഅത്ത് ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫിന് പങ്കെന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി വി ഡി സതീശന്‍

ജമാഅത്ത് ഇസ്ലാമി ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയില്‍ യുഡിഎഫിന് ബന്ധമെന്ന മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോള്‍ പ്രതിരോധത്തിലാണ്. വിഷയം മാറ്റാന്‍ നടത്തിയ ശ്രമമാണ്. ദില്ലയില്‍ ജമാഅത്തെ ഇസ്ളമിയുള്‍പ്പെടെയുള്ള മുസ്ളിം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫ് എന്ത് പിഴച്ചുവെന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്ത ആരോപണമാണ് ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യഥാര്‍ഥത്തില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎമ്മാണ്. ശ്രീ എം എന്ന ആത്മീയാചാര്യന്‍റെ മധ്യസ്ഥതയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ കോടിയേരിയും പിണറായിയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്നും സതീശൻ പറഞ്ഞു.

3'ആർഎസ്എസ്-സിപിഎം ചർച്ചക്ക് ശേഷം ബിജെപി അമ്പതോളം മണ്ഡലത്തിൽ വോട്ടുമറിച്ചു, ലാവലിൻ കേസ് 33 തവണ നീട്ടി': സുധാകരൻ

ദില്ലിയില്‍ ജമാഅത്ത് ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലീംസംഘടനകള്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്‍റെ കാര്‍മികത്വത്തില്‍ നടത്തിയ ആര്‍എസ് എസ്- സിപിഎം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ബിജെപി- സിപിഎം സംഘട്ടനം നിലച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കിയതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും അന്നത്തെ ചര്‍ച്ചയുടെ ഫലമാണ്. ലാവ്‌ലിന് കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്ന് സുധാകരന്‍ പറഞ്ഞു. ജമാ അത്ത് ഇസ്ലാമി- ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സിപിഎം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

4 'ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ചയിൽ യുഡിഎഫിന് മൗനം', നിലപാട് വ്യക്തമാക്കണമെന്ന് റിയാസ്

ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയിൽ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. ലീ​ഗും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ചർച്ച ഗൗരവത്തിൽ കാണണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. കെ.പി സി സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്. യു.ഡി എഫിലെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇത്. ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്ത് ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ല. ജനങ്ങൾ മതനിരപേക്ഷ മനസുള്ളവരാണ്. കേരളമാകെ കൂടിക്കാഴ്ചയ്ക്ക് എതിരാണ്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും റിയാസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

5അദൃശേരിയുമായി വേദി പങ്കിട്ടു; സാദിഖലി തങ്ങളോട് കടുത്ത അതൃപ്തിയുമായി സമസ്ത

പാണക്കാട് സാദിഖലി തങ്ങൾ അദൃശ്ശേരിയുമായി വേദി പങ്കിട്ട സംഭവത്തിൽ സമസ്തക്ക് കടുത്ത അതൃപ്തി. വിഷയം ചർച്ച ചെയ്യാൻ സമസ്തയുടെ യുവജന - വിദ്യാർത്ഥി സംഘടനകൾ യോഗം വിളിച്ചു. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്ത യോഗം നാളെ കോഴിക്കോട് ചേരും. രാവിലെ 11മണിക്കാണ് യോഗം. സംഭവത്തിലുള്ള അതൃപ്തി സാദിഖലി തങ്ങളെ നേതാക്കൾ നേരിട്ട് അറിയിച്ചിട്ടുണ്ട്. സമസ്തയുടെ വിലക്ക് ലംഘിച്ചാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയുമായി വേദി പങ്കിട്ടത്. അദൃശേരിയുമായി വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്തയുടെ യുവജന സംഘടനയായ എസ് വൈ എസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതു മറി കടന്നാണ് എസ് വൈ എസ് പ്രസിഡന്റായ സാദിഖലി തങ്ങള്‍ കോഴിക്കോട് നാദാപുരത്ത് വാഫി കോളേജ് ഉദ്ഘാടന ചടങ്ങില്‍ അദൃശ്ശേരിക്കൊപ്പം പങ്കെടുത്തത്.

6കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാൻ ശ്രമിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസില്‍ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജ് ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് - കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്.

7സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; അഞ്ചാം വർഷം ആദ്യ അറസ്റ്റ്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ അഞ്ചാം വർഷം ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺ കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഐ പി സി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും മറ്റൊരു ആര്‍ എസ് എസ് പ്രവർത്തകനും ചേർന്നാണെന്ന് കൃഷ്ണകുമാര്‍ മൊഴി നല്‍കി. റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാര്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഇതാണ് അറസ്റ്റിന് കാരണം. ആശ്രമം കത്തിച്ച ശേഷം പ്രകാശ് റീത്ത് അവിടെ വച്ചു. പ്രകാശിന്റെ ആത്മഹത്യ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണകുമാർ. ഈ കേസിൽ കസ്റ്റഡിയിൽ വാങ്ങിയാണ് കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെത്തിയത്. ഈ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ശബരി എന്ന ആളെയാണ് ഇനി പിടികൂടാനുള്ളത്. 2018 ഒക്ടോബർ 27 ന് പുലർച്ചെയാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്.

8ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട; ഒറ്റപ്പാലം ക്ഷേത്രസമിതിയിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്. മലബാർ ദേവസ്വത്തിന് കീഴിലുളള കാളിക്കാവ് ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.

9അദാനി-ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ടിലെ പാർലമെന്റ് പ്രതിഷേധം: എംപിമാർക്കെതിരെ നടപടി വന്നേക്കും?

പാർലമെന്‍റ് സമ്മേളനം മാർച്ച് പതിമൂന്നിന് വീണ്ടും ചേരാനിരിക്കെ, അദാനി വിഷയത്തിൽ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടി വന്നേക്കും. രാജ്യസഭയിലെ പന്ത്രണ്ട് എംപിമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. അദാനിക്കെതിരായ ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തലില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്‍റ് തടസ്സപ്പെടുത്തിയിരുന്നു. രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലാണ് ഇപ്പോള്‍ നടപടിക്ക് നീക്കം നടക്കുന്നത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി രാജ്യസഭാ അധ്യക്ഷൻ 12 പേരുകള്‍ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. ഒമ്പത് കോണ്‍ഗ്രസ് എംപിമാരുടെയും മൂന്ന് എഎപി എംപിമാരുടെയും പേരുകളാണ് നല്‍കിയത്. ഇവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടിക്ക് സാധ്യതയുണ്ട്.

10സമൂഹമാധ്യമത്തിലെ ഐഎഎസ്-ഐപിഎസ് പോര് അതിര് കടന്നു; രൂപയെയും സിന്ദൂരിയെയും സ്ഥലം മാറ്റി സര്‍ക്കാര്‍

കർണാടകയിൽ പരസ്യമായി സമൂഹമാധ്യമങ്ങളിൽ പോരടിച്ച ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡി രൂപ ഐപിഎസ്സിനെയും രോഹിണി സിന്ദൂരി ഐഎഎസ്സിനെയും സ്ഥലം മാറ്റി. ഇരുവർക്കും വേറെ പദവികളൊന്നും നൽകിയിട്ടില്ല. ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന് ഇന്നലെ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. ഡി രൂപയുടെ ഭർത്താവ് മുനിഷ് മൗദ്‍ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ കൊവിഡ് കൺട്രോൾ റൂമിന്‍റെ ചുമതലയിൽ നിന്ന് ഡിപിഎആർ വിഭാഗത്തിലേക്കാണ് മാറ്റിയത്. മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത ശേഷമാണ് നടപടി.

YouTube video player