ഇന്നത്തെ പ്രധാന 10 വാർത്തകൾ അറിയാം...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി വിവാദം കത്തിപ്പടരുകയാണ്. വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചു. ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചിട്ടുമുണ്ട്. ഒപ്പം പാലക്കാട് ധോണിയിൽ പതിവായി ഇറങ്ങുന്ന കാട്ടുകൊമ്പന്‍ പാലക്കാട്‌ ടസ്കർ സെവനെ (പിടി 7) പിടിക്കാനുള്ള ദൗത്യവും കേരളത്തിൽ വലിയ ചർച്ചയാണ്. പി ടി സെവനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളിയായതോടെയാണ് മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചത്. ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ പൊലീസിലെ അഴിച്ചുപണിയും ഇന്ന് ചർച്ച ചെയ്യപ്പെട്ടു. ഇന്നത്തെ പ്രധാന 10 വാർത്തകൾ അറിയാം. 

ബിബിസി ഡോക്യുമെന്‍ററി വിവാദം, ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം. ബിബിസി ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചു.

ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ പൊലീസിൽ അഴിച്ചുപണി

ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ പൊലീസിലെ അഴിച്ചുപണി തുടരുന്നു. 24 എസ്എച്ച്ഒമാരെ സ്ഥലമാറ്റി ഉത്തരവിറക്കി. നടപടി നേരിട്ട എസ്എച്ച് ഒമാർക്ക് പകരം തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളിൽ പുതിയ എസ്എച്ച്ഒമാരെ നിയമിച്ചു.

വികസനത്തിനായി ഒന്നിച്ചു നിൽക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങൾ ഈ പ്രചാരണത്തിൻ്റെ ഭാഗമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാർസൽ ഭക്ഷണം; തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.

വൻ സന്നാഹങ്ങളൊരുക്കിയിട്ടും പിടികൊടുക്കാതെ പിടി സെവൻ

പാലക്കാട് ധോണിയിൽ പതിവായി ഇറങ്ങുന്ന കാട്ടുകൊമ്പന്‍ പാലക്കാട്‌ ടസ്കർ സെവനെ (പിടി 7) പിടിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളിയായതോടെയാണ് മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചത്. മയക്കുവെടി വെക്കാനുള്ള ദൗത്യം നാളെയും തുടരുമെന്ന് ഏകോപന ചുമതലയുള്ള എസിഎഫ് ബി രഞ്ജിത്ത് പറഞ്ഞു. ദൗത്യം സങ്കീർണമാണ്. വെടിവെക്കാനുള്ള സാഹചര്യം തുടക്കത്തിൽ ഉണ്ടായി. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയതാണ് തടസമയതെന്നും അദ്ദേഹം അറിയിച്ചു.

ജമ്മുവിൽ രണ്ട് കാറുകളിൽ സ്ഫോടനം: ആറ് പേര്‍ക്ക് പരിക്ക്

ജമ്മുവിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. ജമ്മുവിലെ നര്‍വാളിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വാഹനങ്ങളിലാണ് സ്ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി.

'പിഎഫ്ഐ ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണം'; പ്രവീൺ നെട്ടാരു വധക്കേസ് കുറ്റപത്രത്തില്‍ എന്‍ഐഎ

ഇന്ത്യയിൽ 2047 ആകുമ്പോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ. ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലർ സ്ക്വാഡുകൾ, അഥവാ സർവീസ് ടീമുകൾ രൂപീകരിച്ചു. 

നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് ഗാഡ്ഗിൽ

നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് പരിസ്ഥിതി ഗവേഷകൻ മാധവ് ഗാഡ്ഗിൽ. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്പെഷ്യൽ ബ്രാഞ്ച് എസ് ഐക്ക് വധഭീഷണി

സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ കേസിൽ, സസ്പെൻഷനിലായ മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ചു, പിന്നാലെ അച്ഛൻ ജീവനൊടുക്കി

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛൻ ജീവനൊടുക്കി. ആയൂർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തിൽ മനംനൊന്താണ് അജയകുമാർ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.