Asianet News MalayalamAsianet News Malayalam

നയപ്രഖ്യാപനം, പി കെ ഫിറോസിന്റെ അറസ്റ്റ്, ഒത്തുതീർന്ന വിദ്യാർഥി സമരം -ഇന്നത്തെ 10 വാർത്തകൾ ഒറ്റ ക്ലിക്കില്‍

പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി നാളെ പുറത്ത് വിടാനിരിക്കേ ജാഗ്രത കൂട്ടി കേന്ദ്രസര്‍ക്കാര്‍. ആദ്യ ഭാഗം പുറത്ത് വന്നപ്പോഴുണ്ടായ ജാഗ്രത കുറവ് നികത്താന്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Today top ten news in Kerala
Author
First Published Jan 23, 2023, 7:01 PM IST

നയപ്രഖ്യാപനം മുഴുവനായി വായിച്ച് ​ഗവർണർ, സിൽവർലൈൻ തള്ളിയിട്ടില്ലെന്നും പ്രഖ്യാപനം

സര്‍ക്കാറുമായുള്ള പോരിനിടെ നയപ്രഖ്യാപന പ്രസംഗം ഒരു വരിയും വിടാതെ വായിച്ച് ഗവർണർ. നിയമസഭകളുടെ ഉദ്ദേശ്യം നിയമമാകണമെന്ന ഭരണഘടനാ മൂല്യം സംരക്ഷിക്കാൻ സര്‍ക്കാര്‍ പ്രതിജ്‍ഞാബദ്ധമെന്ന തനിക്കെതിരായ പരോക്ഷ വിമർശനമുള്ള ഭാഗവും ഗവർണർ വായിച്ചു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലും കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ പൊതു കടമാക്കിമാറ്റിയതിലും കേന്ദ്രത്തെയും വിമർശിച്ചു. ഗവർണറും സർക്കാറും തമ്മിലെ പൂർണ്ണ അനുനയമെന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു രണ്ടാം പിണറായി സർക്കാറിൻറെ രണ്ടാം നയപ്രഖ്യാപനം. സിൽവര്‍ ലൈൻ സംസ്ഥാന സര്‍ക്കരിന്റെ സ്വപ്ന പദ്ധതി തന്നെയെന്ന് ഉറപ്പിച്ച് നയപ്രഖ്യാപന പ്രസംഗം. അതിവേഗ പാതക്ക് കേന്ദ്ര അനുമതി കാത്തിരിക്കുകയാണെന്നാണ് പരാമർശം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളത്തെ പ്രധാന ഹബ്ബാക്കി മാറ്റുമെന്ന് ഇടത് നയരേഖയിലൂന്നിയും പ്രഖ്യാപനമുണ്ടായി.

യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പി.കെ. ഫിറോസ് അറസ്റ്റിൽ

യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് റിമാൻഡിൽ. സര്‍ക്കാരിന്‍റേത്
രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഫിറോസ് പറഞ്ഞു. അറസ്റ്റിനെതിരെ സംസ്ഥാനവ്യാപകമായി
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിലക്കയറ്റം, ലഹരിമാഫിയ, അഴിമതി, പൊലീസിന്‍റെ ഗുണ്ടാ ബന്ധം എന്നിവയ്ക്കെതിരെ സേവ് കേരള എന്ന പേരിൽ ബുധനാഴ്ചയായിരുന്നു യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ചിലെ സംഘര്‍ഷവുമായുള്ള കേസിൽ ഒന്നാംപ്രതിയാണ് പി.കെ.ഫിറോസ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാളയത്ത് വച്ച് പി.കെ.ഫിറോസിനെ കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. ചുമത്തിയത് ജാമ്യമില്ലാക്കുറ്റം. പൊലീസിന്‍റെ അനുമതിയില്ലാതെ മാര്‍ച്ച് നടത്തി, പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി എന്നിവയ്ക്കാണ് കേസ്. 50,000 രൂപയുടെ നഷ്ടം പൊലീസിനും കല്ലേറിനിടെ സ്വകാര്യ കാറിന്‍റെ ചില്ല് തകര്‍ന്ന് 25,000 രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. 


ഒടുവിൽ പ്രശ്ന പരിഹാരം, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ മിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം ഒത്തുതീർപ്പായി. എന്നാൽ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്ന
നിലപാടിലാണ് വിദ്യാർത്ഥികൾ. സമരം തുടങ്ങി 51ആം ദിവസമാണ് പ്രശ്നങ്ങൾ ഒത്തുതീർന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനെതിരായ പരാതികൾ പഠിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നില്ലെങ്കിലും, കമ്മീഷൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ നടപ്പാക്കും. പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തും.
ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. സമരം അവസാനിപ്പിച്ചങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനുമായി
സഹകരിക്കേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. വിദ്യാർത്ഥികൾ ഉന്നയിച്ച ജാതീയ വിവേചന ആരോപണങ്ങളിൽ മുഖ്യമന്ത്രിയുമായി
ആലോചിച്ചാവും തുടർനടപടി.

നഴ്സുമാരുടെ വേതനം; പുനപരിശോധന നടത്തണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം
മിനിമം വേതനത്തിൽ പുന:പരിശോധന നടത്തി പുതിയ ഉത്തരവിറക്കാൻ സിംഗിൾ ബ‌ഞ്ച് ഉത്തരവിട്ടു. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളെയും നഴ്സുമാരെയും കേട്ട് വേണം ഉത്തരവിറക്കാനെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. നൂറ് കണക്കിന് നഴ്സുമാർ നടത്തിയ നിരന്തര സമരത്തിനൊടുവിലായിരുന്നു സംസ്ഥാനത്ത് മിനിമം വേതനം നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. 2018 ലെ ഉത്തരവ് പ്രകാരം 50 കിടക്കകകളുള്ള സ്വാകാര്യ ആശുപത്രിയിൽ 20,000 രൂപ മിനിമം ശന്പളവും പരമാവധി 30,000 രൂപയുമായി നിശ്ചയിച്ചു. മറ്റ് ആശുപത്രികളെ വിവിധ തട്ടുകളാക്കി ശന്പളം. എന്നാൽ സ്വകാര്യ ഹോമിയോ, ആയുർവേദ ആശുപത്രികൾ, എക്സറേ സെന്ററുകൾ അടക്കമുള്ളവയിലെ നഴ്സുമാരുടെ കാര്യം ഉത്തരവിലുണ്ടായില്ല. ഇത് ചോദ്യം ചെയ്താണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന ഹൈക്കോടതിയിലെത്തിയത്. 

 അപകടത്തിൽ ഞെട്ടി ആലപ്പുഴ

ആലപ്പുഴ ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഇവ‍ർ ഐഎസ്ആ‍ര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാലുപേ‍ർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെ ആണ് അപകടം. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുവകകൾ കണ്ടുകെട്ടൽ തുടരുന്നു

സംസഥാനത്താകെ 248 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്ത് ഖണ്ട് കെട്ടിയതായി ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലപ്പുറത്ത് 126 പേരുടെ സ്വത്ത് കണ്ട് കെട്ടി. കോഴിക്കോട് 22 പേരുടെയും കണ്ണൂരിൽ 8 പേരുടെയും പാലക്കാട് 23 പേരുടെയും സ്വത്ത് കണ്ട് കെട്ടിയിട്ടുണ്ട്. മലപ്പുറത്ത് ജപ്തി നടപടിയ്ക്കെതിരെ പരാതി ഉണ്ടായതായി സർക്കാർ അറിയിച്ചു. പിഎഫ്ഐയുമായി യാതൊരു ബന്ധവുമില്ലാത്തയാളുടെ സ്വത്ത് കണ്ട് കെട്ടിയെന്നും പരാതി ഉയർന്നു. നിയമാനുസൃത നടപടിയുണ്ടാകുമെന്നും സർക്കാർ നൽകിയ റിപ്പോർട്ടിലുണ്ട്. കേസുകൾ നാളെ ഹൈക്കോടതി പരിഗണിക്കും. മലപ്പുറത്ത് ലീഗ് നേതാവിന് ജപ്തി നോട്ടീസ് നൽകിയെങ്കിൽ പാലക്കാട് കൊല്ലപ്പെട്ടയാളാണ് ജപ്തി പട്ടികയിലുള്ളത്. മിന്നൽ ഹർത്താൽ നടക്കുന്നതിന് അഞ്ച് മാസം മുൻപ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ എസ്ഡിപിഐ നേതാവ് സുബൈറിന്‍റെ വീട്ടിലാണ് ജപ്തി നോട്ടീസ് നൽകിയത്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു. 2022 ഏപ്രിൽ 15 നാണ് സുബൈറിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

വീണ്ടു കേബിൾ അപകടം, യുവാവിന് ​ഗുരുതര പരിക്ക്

കൊച്ചിയിൽ വീണ്ടും കേബിൾ കുടുങ്ങി അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശി
അനിൽകുമാറിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി വെണ്ണലയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിലെ കേബിളിലാണ് ബൈക്ക് കുടുങ്ങിയത്.നിയന്ത്രണം വിട്ട ബൈക്ക് തെറിച്ചു വീണാണ് അനിൽകുമാറിന് പരിക്കേറ്റത്.തലക്ക് ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാര്‍ ചികിത്സയിലാണ്.ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ചിരുന്ന കേബിള്‍ റോഡിലേക്ക് തള്ളി നിന്നിരുന്നു.ഇതിലാണ് ബൈക്ക് കുടങ്ങിയത്. പലതവണകളായി കൊച്ചിയില്‍ കേബിള്‍ കുടുങ്ങിയുള്ള അപകടം തുടരുകയാണ്

ഇടിഞ്ഞുതാഴ്ന്ന് കനാൽഭിത്തി, അപകടമൊഴിവായത് തലനാരിഴക്ക്

മൂവാറ്റുപ്പുഴ പണ്ടപ്പിള്ളിയിൽ കനാൽ ഭിത്തി 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. റോഡിലൂടെ
വാഹനം കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് കനാൽ ഭിത്തി ഇടിഞ്ഞ് താഴ്ന്നത്. നിർമാണത്തിലെ അശാസ്ത്രീയതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മൂവാറ്റുപ്പുഴ ഇറിഗേഷൻ വാലി പ്രോജക്ടിന്‍റെ ഭാഗമായുള്ള കനാലിന്‍റെ ഉപകനാലാണ് തകർന്നത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കനാൽ ഭിത്തി നിർമാണത്തിലെ അശാസ്ത്രീയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ. തകർന്ന് വീണ കോൺക്രീറ്റ് കഷണങ്ങളിലൊന്നിലും കമ്പിയുണ്ടായിരുന്നില്ല.

ബ്രിജ് ഭൂഷനെതിരായ പരാതി അന്വേഷിക്കാൻ മേരി കോമിന്റെ നേതൃത്വത്തിൽ സമിതി

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരായ താരങ്ങളുടെ ആരോപണങ്ങൾ മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതി അന്വേഷിക്കും, അധ്യക്ഷനെതിരെ ആരോപണമുയർന്നാൽ ഫെഡറേഷൻ പിരിച്ചുവിടേണ്ടതില്ലെന്ന് സെക്രട്ടറി ജെനറൽ വി.എൻ.പ്രസൂദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോക്സിംഗ് താരം മേരികോം, ഗുസ്തി താരം യോഗേശ്വർ ദത്ത, ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടേ, ക്യാപ്റ്റൻ രാജഗോപാലൻ എന്നിവരുൾപ്പെടുന്ന സമിതിയാണ് ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കുക. വരുന്ന ഒരു മാസത്തിനുള്ള സമിതി റിപ്പോർട്ട് സമർപ്പിക്കും. ഈ കാലയളവിൽ ഫെഡറേഷൻറെ ദൈനംദിന പ്രവർത്തനങ്ങൾ സമിതി ഏറ്റെടുക്കുമെന്നും കായിക മന്ത്രി അറിയിച്ചു.

ബിബിസി ഡോക്യുമെന്ററി രണ്ടാം ഭാ​ഗം നാളെ റിലീസ്

പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി നാളെ പുറത്ത് വിടാനിരിക്കേ ജാഗ്രത കൂട്ടി കേന്ദ്രസര്‍ക്കാര്‍. ആദ്യ ഭാഗം പുറത്ത് വന്നപ്പോഴുണ്ടായ ജാഗ്രത കുറവ് നികത്താന്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നാളെ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്‍ററിക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതോടെ ആദ്യ ഭാഗം കാണാവുന്ന മറ്റ് ലിങ്കുകള്‍ പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ പങ്കു വച്ചു. അതേസമയം, സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. ഡോക്യുമെന്‍ററി കാണാവുന്ന മറ്റ് ലിങ്കുകള്‍ പങ്ക് വച്ചു. 

Follow Us:
Download App:
  • android
  • ios