ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു. കേരളത്തിൽ മസ്തിഷ്ക ജ്വരം ആശങ്ക പടർത്തുന്നു, തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും.

ക്രിക്കറ്റിനെ പോരാട്ടങ്ങളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഇന്ത്യ - പാക് മത്സരം തന്നെയാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ ആവേശത്തിലാണ് ആരാധകർ. അതേസമയം, കേരളത്തിലാണെങ്കിൽ മസ്തിഷ്ക ജ്വരം കൂടുതൽ ആശങ്ക പടർ‌ത്തുകയാണ്. തലസ്ഥാനത്ത് പതിനേഴുകാരന് ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ ഇന്ന് ഗതാഗത നിയന്ത്രണമുള്ളതും എല്ലാവരുടെയും ശ്രദ്ധയിൽ വേണം. പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങുന്നുമുണ്ട്.

ഇന്ത്യ പാക് പോര്

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ അഭിമാന പോരാട്ടത്തിന് ഇന്ന് ഇന്ത്യ ഇറങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി എട്ട് മുതലാണ് മത്സരം. ഇപ്പോൾ ഐസിസി ഇവന്റുകളിൽ മാത്രമാണ് ഇന്ത്യ - പാക് മത്സരം നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ മത്സരം കാണാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇതിനിടെ പരിശീലനത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റുവെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

നിയമസഭാ സമ്മേളനം നാളെ തുടങ്ങും

സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പിവി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാറിൻറെ പ്രധാന തലവേദന.

ആശങ്കയായി മസ്തിഷ്ക ജ്വരം

തിരുവനന്തപുരത്ത് മസ്തിഷ്ക ജ്വരം ബാധിച്ച പതിനേഴുകാരന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ‍. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പൂവാർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പിന്നാലെ കുട്ടി കുളിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകളും ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.

ശ്രീകൃഷ്ണ ജയന്തി

ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ട‌മിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ രാവിലെ 9 മണി മുതലാണ് ഗതാഗത നിയന്ത്രണം.