വഖഫ് നിയമ ഭേദഗതിക്കെതിരെ സ്റ്റേ ആവശ്യം. നിയമസഭാ സമ്മേളനം ഇന്ന് നടക്കുന്നത്, ദില്ലിയിൽ സംയുക്ത സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും അടക്കം ഇന്ന് കേരളം കാത്തിരിക്കുന്ന പ്രധാന വാർത്തകൾ
വഖഫ് ഭേദഗതിയിൽ സുപ്രീം കോടതി ഉത്തരവ്
വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ് ഇന്ന്. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമം സ്റ്റേ ചെയ്യുന്നതിൽ ഉത്തരവിറക്കും. രാവിലെ പത്തരയ്ക്കാവും കോടതി ഉത്തരവ് പറയുക. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. നിയമത്തിലെ ചില വകുപ്പുകളുടെ സ്റ്റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളിലാകും ഉത്തരവിറക്കുന്നത്. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും.
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും
സംസ്ഥാന സർക്കാറിനും, പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. ഒക്ടോബർ 10 വരെയാണ് സമ്മേളനം. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ.
സംയുക്ത കമ്മാൻ്റർമാരെ മോദി കാണും
സൈന്യത്തിന്റെ സംയുക്ത കമാന്റർമാരുടെ കോൺഫറൻസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്യും. കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ കൊൽക്കത്തയിൽ എത്തി. സംയുക്ത കമാന്റർമാരുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ കോൺഫറൻസ് ആണിത്. ഉച്ചക്ക് ശേഷം ബീഹാറിലേക്ക് തിരിക്കുന്ന മോദി പൂർണിയ ജില്ലയിൽ 36000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. പുതുതായി വികസിപ്പിച്ച വിമാനത്താവള ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുയോഗത്തിലും മോദി സംസാരിക്കും. വോട്ടർ പട്ടിക പരിഷ്കരണ വിവാദത്തിൽ അടക്കം മോദി പ്രതികരിക്കുമോ എന്നാണ് ആകാംഷ.
കെപിസിസി നേതൃയോഗം ഇന്ന്
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് യോഗം. ഇതടക്കമുള്ള പ്രധാന വിഷയങ്ങളിൽ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നൽകാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക് അമര്‍ഷമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുനഃസംഘടന നടപടികളിലേയ്ക്ക് വീണ്ടും കടക്കുന്നതിലും എതിര്‍പ്പുണ്ട്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ഭാരവാഹികള്‍ ഉന്നയിക്കും. ഫണ്ട് പിരിവിനായുള്ള ഗൃഹസന്ദര്‍ശനം, പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്പിൽ സമരം എന്നിവയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫണ്ട് പിരിവ് നടത്താത്ത നേതാക്കളുടെ പേരു വിവരം ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിൽ സ്വീകരിക്കേണ്ട നടപടികളും ആലോചിക്കും


