കേന്ദ്ര സർക്കാർ ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചെങ്കിലും, സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള നടപടി വിമർശനങ്ങൾക്ക് വഴിവച്ചു
എല്ലാം സങ്കടങ്ങളും പ്രശ്നങ്ങളും തത്കാലത്തേക്ക് മറന്ന് മലയാളികളെല്ലാം ഓണാഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഉത്രാട ദിനത്തില്‍ എല്ലാ കാലത്തെയും പോലെ നാളത്തെ ആഘോഷത്തിനുള്ളതെല്ലാം ഒരുക്കത്തിനുള്ള തത്രപ്പാടിലാണ് എല്ലാവരും. ഇതിനൊപ്പം ഉത്സവ സീസണിലെ വൻ ജിഎസ്ടി ഇളവ് ആഘോഷമാക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാല്‍, സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര സർക്കാർ ജിഎസ്ടി മാറ്റം കൊണ്ട് വരുന്നതില്‍ കേരളം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, രാഹൂൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണക്കേസില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ പകര്‍പ്പും പുറത്ത് വന്നു.
ജിഎസ്ടി ഇളവ് ആഘോഷമാക്കി കേന്ദ്ര സർക്കാർ
ഉത്സവ സീസണിലെ വൻ ജിഎസ്ടി ഇളവ് ആഘോഷമാക്കി കേന്ദ്ര സർക്കാർ. ജനജീവിതം മെച്ചപ്പെടുത്താൻ ജിഎസ്ടി നിരക്കുകൾ കുറഞ്ഞത് സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 350ലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് നികുതി കുറയുന്നതെന്ന് ധനമന്ത്രാലയം പറയുന്നു.
വിമര്‍ശനവുമായി കേരളം
സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര സർക്കാർ ജിഎസ്ടി മാറ്റത്തിന് എടുത്ത തീരുമാനം കേരളത്തിന് തലയ്ക്കേറ്റ അടിയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുറച്ചതിന്‍റെ ഗുണം സാധാരണക്കാർക്ക് കിട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത് ലോട്ടറി മേഖലയിലെ രണ്ട് ലക്ഷം പേരെയാകും ബാധിക്കുകയെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
ലോക്കപ്പ് മർദനത്തില്‍ ആളിക്കത്തി പ്രതിഷേധം
തൃശൂർ കുന്നംകുളത്തെ ലോക്കപ്പ് മർദനം ഒതുക്കിത്തീർക്കാൻ പൊലീസ് നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാക്കാൻ 20 ലക്ഷം രൂപ വരെ പ്രതികളാക്കപ്പെട്ട പൊലീസുദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നതായി മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത് അറിയിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. പൊലീസുകാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ആഗോള അയ്യപ്പ സംഗമം കപട നീക്കമെന്ന് യുഡിഎഫ്
ആഗോള അയ്യപ്പ സംഗമം കപടനീക്കമാണെന്ന് പറഞ്ഞും സർക്കാരിനോടുള്ള ചോദ്യങ്ങൾ ആവർത്തിച്ചും യുഡിഎഫ്. സംഗമത്തിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്ത് ഭിന്നതയുണ്ടെന്നാണ് ദേവസ്വം മന്ത്രിയുടെ വിമർശനം. ഇതിനിടെ ബദൽ സംഗമത്തിൽ പന്തളം കൊട്ടാരത്തെ എത്തിക്കാനുള്ള ഹൈന്ദവസംഘടനകളുടെ നീക്കം വിജയം കണ്ടില്ല. എൻഎസ്എസിന്‍റെ പിന്തുണ കണക്കിലെടുത്താണ് ആഗോള അയ്യപ്പ സംഗമം ബഹിഷ്ക്കരിക്കുമെന്ന് യുഡിഎഫ് നേരിട്ട് പറയാത്തത്. നിസ്സഹകരമാണ് തീരുമാനമെങ്കിലും സർക്കാരിനെ വെട്ടിലാക്കാൻ ചോദ്യങ്ങൾ ആവർത്തിക്കുന്നുമുണ്ട് യുഡിഎഫ്. സംഗമം രാഷ്ട്രീയപരിപാടിയാണെന്നാണ് ആക്ഷേപം. യൂവതീപ്രവേശനത്തെ അനുകൂലിച്ച സത്യവാങ് മൂലം പിൻവലിക്കുന്നതിൽ വ്യക്തമായ മറുപടി വേണമെന്ന് യുഡിഎഫ് നിരന്തരം ചോദിക്കുന്നു
രാഹുലിനെതിരെ കടുപ്പിച്ച് സതീശൻ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അച്ചടക്കനടപടിയിൽ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്. നടപടിയുടെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായും വി ഡി സതീശൻ തുറന്ന് പറഞ്ഞു. എ ഗ്രൂപ്പ് അടക്കം രാഹുലിനെ തിരികെ എത്തിക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷ നേതാവ് നിലപാടിൽ ഉറച്ചുനിൽക്കുന്നത് പാർട്ടിയിലെ ഭിന്നതയുടെ വ്യക്തമായ സൂചനയാണ്.
എഫ്ഐആറിന്‍റെ പകര്‍പ്പ് പുറത്ത്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണക്കേസില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ പകര്‍പ്പ് പുറത്ത്. സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കൽ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് പേരുടെ പരാതി കണക്കിലെടുത്താണ് കേസെടുത്തത്. ഇരകളാരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല.