Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റിന് തല്ലും തലോടലും, സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകും, സൈബി ജോസിനെതിരെ കേസ്- പത്ത് വാർത്ത

കേന്ദ്ര ബജറ്റിന് തല്ലലും തലോടലും, സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകും, സൈബി ജോസിനെതിരെ കേസ്- പത്ത് വാർത്ത

Todays top 10 newses  01 02 2023
Author
First Published Feb 1, 2023, 7:07 PM IST

1- പുതിയ ആദായനികുതി സ്ലാബ് കൂടുതൽ ആക‍ർഷകമായത്; ബജറ്റ് സന്തുലിതമെന്നും ധനമന്ത്രി

പുതിയ കേന്ദ്രബജറ്റിൽ അവതരിപ്പിച്ച നികുതി സ്ലാബ് വളരെ ആക‍ർഷകമാണെന്ന് ധനമന്ത്രി നി‍ർമല സീതാരാമൻ. കൂടുതൽ പേരെ ആദായനികുതി സംവിധാനത്തിലേക്ക് കൊണ്ടു വരാൻ ഉദ്ദേശിച്ചാണ് വിപുലമായ നികുതിയിളവുകൾ ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും അവ‍ർ പറഞ്ഞു.

2- 'ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല'; വിമര്‍ശനവുമായി മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസ് റെയില്‍ വികസനം എന്നിവ ഇല്ലാത്തത് നിരാശാജനകമാണെന്നും ഫെഡറല്‍ സാമ്പത്തിക തത്വങ്ങള്‍ കേന്ദ്രം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

3- 'കണക്കുകള്‍ കൊണ്ടുള്ള കൗശലം, ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊന്നു', ബജറ്റിനെതിരെ വി ഡി സതീശന്‍

കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്.

4- സ്ത്രീകള്‍ക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടും,നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ബജറ്റ് പ്രഖ്യാപനം

വനിതകൾക്കും പെൺകുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികൾ ബജറ്റില്‍ പ്രഖ്യാപിച്ചു . മുതിർന്ന പൌരന്മാർക്ക് കൂടുതൽ പലിശ ഉറപ്പാക്കി നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ഉയർത്തി. ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ ഇടിയുമ്പോൾ വനിതകൾക്കും പെൺകുട്ടികൾക്കും കൂടുതൽ വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്കാണ് കേന്ദ്രം രൂപം നല്കുന്നത്.

5- 'വികസന പാതയ്ക്ക് പുതിയ ഊര്‍ജം പകരുന്ന ബജറ്റ്', ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി

കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്‍റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

6- കേന്ദ്ര ബജറ്റ് നിരാശാജനകം, കേരളത്തിന് കടുത്ത നിരാശയെന്നും ഇടത് പക്ഷം; കാര്യകാരണങ്ങൾ നിരത്തി എംപിമാർ

നിർമല സീതാരാമൻ അവതരിപ്പിച്ച് ഇത്തവണത്തെ കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇടത് പക്ഷം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നടപടിയില്ലെന്നും കേരളത്തിന് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നതെന്നും മാധ്യമങ്ങളെ കണ്ട ഇടതുപക്ഷ എം പിമാർ അഭിപ്രായപ്പെട്ടു.

7- മധ്യവർ​ഗത്തിന് തലോടൽ; ആദായനികുതി വരുമാന പരിധി ഉയർത്തി

രണ്ടാം മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ മധ്യവർ​ഗത്തിന് തലോടൽ. ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തി. ഇനി മുതൽ ഏഴ് ലക്ഷം വരെ നികുതിയില്ല. അതേസമയം പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിന്റെ ​ഗുണമുണ്ടാകുക.

8- സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും; റിലീസിങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. റിലീസിങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികൾ പൂർത്തിയായി.ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യു എ പി എ കേസിൽ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങിയത്.

9- പ്രബന്ധത്തിലെ 'പിഴവ്', ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ട് ചിന്ത; തലയിൽ കൈവച്ച് അനുഗ്രഹിച്ച് മകൾ!

ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു. ചങ്ങമ്പുഴയുടെ മകൾ ലളിതയെയാണ് ചിന്ത ജെറോം എറണാകുളത്ത് എത്തി കണ്ടത്. മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത കുടുംബാംഗങ്ങളെ അറിയിച്ചത്.

10- ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; സൈബി ജോസിനെതിരെ കേസെടുത്തു

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐപിസി 420 , അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Follow Us:
Download App:
  • android
  • ios