പിണറായിയുടെ മൗനം അമ്പരിപ്പിക്കുന്നുവെന്ന് സതീശൻ, ഇപി വിവാദത്തിൽ സ്ഥാപന സിഇഒ, അപകടത്തിൽ ഒരേ കുടുംബത്തിൽ 4 മരണം - അറിയാം ഇന്നത്തെ പത്ത് വാർത്തകൾ
മുതിര്‍ന്ന സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളിൽ നിന്നും തന്നെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോർട്ട് നിർമിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെയാണ് പുറത്തുവരുന്നത്. സ്വർണക്കടത്ത് സംഘങ്ങളുമായും സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായും എൽഡിഎഫിന് ബന്ധമുണ്ടെന്നും സതീശൻ ആരോപിച്ചു
2- തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളായ സി ഐ വിൻസൻറ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. തൃശൂർ സെൻറ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് സി ഐ വിൻസൻറ്.ഉച്ചക്ക് 12:45 ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ചാവക്കാട് ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കുടുംബം തൃശൂരിൽ ഒരു വിവാഹ ചടങ്ങിന് പോവുകയായിരുന്നു.
3- 'ഇ പിയേയും കുടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, കോടികളുടെ നിക്ഷേപമൊന്നും അവര്‍ക്കില്ല'
വൈദേകം റിസോര്‍ട്ടിലെ സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി സ്ഥാപനത്തിന്‍റെ സിഇഒ തോമസ് ജോസഫ് രംഗത്ത്. ഇപിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്‍റെ ഒരു പങ്കാണ് വൈദേകം ആയുര്‍വ്വേദ വില്ലേജില്‍ നിക്ഷപിച്ചത്. അതില്‍ എന്താണ് തെറ്റ്. സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതുപോലയല്ലല്ലോ ഇത്. നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. അതൊന്നും കോടികളല്ല. അത് പ്രചാരണം മാത്രമാണ്. ഇപിയുടെ മകനും ഭാര്യയും ഡയറകടര്‍ ബോര്‍ഡിലുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്താണ്. അവരുടെ താപര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിൽ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ യുവതി പിടിയിലാകുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറി. വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താൻ കരിപ്പൂരിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്.
5- ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറിയേക്കും? ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് സൂചന
മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തിൽ മുതിര്‍ന്ന നേതാവ് ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറിയേക്കും. ഒഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് പാർട്ടി വൃത്തങ്ങളിൽ ലഭിക്കുന്ന സൂചന. സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടി.
6- ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 229.80 കോടിയുടെ മദ്യം; ഒന്നാമന്‍ കൊല്ലം
ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.
7- അതിശൈത്യത്തിൽ മരവിച്ച് അമേരിക്കയും കാനഡയും, ജനജീവിതം ദുസഹം, മരണസംഖ്യ 38 ആയി
അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല. റെയിൽ, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറിൽ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്.സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെയാണ് അമേരിക്കയും കാനഡയും കടന്നു പോകുന്നത്. ഇരുപതു കോടി ജനങ്ങൾ ഒരാഴ്ചയിലേറെയായി കൊടും ദുരിതത്തിലാണ്.
8- ശബരിമല വരുമാനം ഇതുവരെ 222.98 കോടി,തീർഥാടകർ 29 ലക്ഷം പിന്നിട്ടു,മണ്ഡലപൂജ നാളെ
ശബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും.29,08,500 തീർഥാടകർ എത്തി. ഇതിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.
9-'തെറ്റ് ചെയ്‍തവരാണ് മറഞ്ഞിരിക്കേണ്ടത്'; സൈബര്‍ ആക്രമണം ഇപ്പോഴും നേരിടുന്നെന്ന് അതിജീവിത
കഴിഞ്ഞ അഞ്ച് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് നടി അക്രമിക്കപ്പെട്ട കേസിലെ അതിജീവിത. സിനിമയില്‍ കണ്ടുള്ള പരിചയം മാത്രം വച്ച് വ്യാജ അക്കൌണ്ടുകളില്‍ നിന്ന് ചിലര്‍ മനസില്‍ തോന്നുന്നത് എഴുതുകയാണെന്നും എല്ലാവരെയും തിരുത്താനാവില്ലെന്നും നടി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചതിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കൊരുങ്ങാന്‍ ടീം ഇന്ത്യ. നാളെ ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചേക്കും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തും. ഹാര്‍ദിക്ക് പാണ്ഡ്യക്ക് കീഴിലായിരിക്കും ഇന്ത്യ ടി20ക്ക് ഇറങ്ങുക.
