തലയിൽ 5000 കോടിയുടെ നികുതിഭാരമെന്ന് സതീശൻ , മദ്യത്തിന് പറഞ്ഞതിലും കൂടും, ശമ്പളമല്ല,  -10 വാര്‍ത്ത

1- വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയ പോരാട്ടമെന്ന് സ്റ്റാലിൻ, വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം. സമര സ്മരണകൾ ജ്വലിച്ചു നിന്ന വൈക്കത്തെ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു.

2- മദ്യത്തിന് വൻ വിലവർധന; ബജറ്റിൽ പ്രഖ്യാപിച്ചതിലധികം വില കൂട്ടാൻ ബെവ്കോ

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

3- ദുരിതാശ്വാസ ഫണ്ട് വക മാറ്റൽ; ലോകായുക്ത വിധിക്കെതിരെ റിട്ട് ഹർജിയുമായി പരാതിക്കാരൻ, ഹൈക്കോടതിയെ സമീപിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിലെ ലോകായുക്ത ഭിന്നവിധിയിലെ അവ്യക്തതത ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി പരാതിക്കാരൻ. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹർജി നൽകാനാണ് പരാതിക്കാരന്‍ ആർഎസ് ശശി കുമാറിന്‍റെ തീരുമാനം.

4-വയനാട്ടിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

5-പിണറായി സർക്കാരിന്റെ ദുർഭരണം, ജനം പൊറുതിമുട്ടി; 5000 കോടി നികുതി ഭാരം അടിച്ചേൽപ്പിക്കുന്നെന്നും വിഡി സതീശൻ

പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കേരളത്തിലെ ജനത്തിന് മുകളിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം ഇന്ന് മുതൽ നടപ്പാക്കി തുടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

6-'രാജ്യത്തെ വിഡ്ഢിയാക്കിയ 3232 ദിവസങ്ങൾ'ലോക വിഡ്ഢി ദിനത്തിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ്

ലോക വിഡ്ഢി ദിനത്തിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്. രാജ്യത്തെ വിഡ്ഢിയാക്കിയ 3232 ദിവസങ്ങൾ എന്നാണ് കോൺഗ്രസ് പരിഹാസം. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാ ണ് പരിഹാസം .2014 മെയ്‌ 26 മുതൽ 2023 ഏപ്രിൽ 1 വരെയുള്ള മോദിയുടെ ഭരണകാലയളവാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.

7- രാജ്യത്ത് 2994 പേർക്ക് കൂടി കൊവിഡ്; പ്രതിദിന കേസുകളിൽ ഇന്നുണ്ടായത് നേരിയ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ കുറവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2994 പോസിറ്റീവ് കേസുകളാണ്. 16354 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.

8-'പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടർ, വിഭജനം തെറ്റായിപ്പോയെന്ന് അവർ വിശ്വസിക്കുന്നു; ആർഎസ്എസ് മേധാവി

പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍ എസ് എസ്. മേധാവി മോഹന്‍ ഭാഗവത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിലേറെയായിട്ടും പാകിസ്ഥാനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

9- 'സ്പൈഡർമാനും കാമുകിയും' മൂന്നാറിലെത്തിയോ?, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ച ചിത്രം ഫോട്ടോഷോപ്, വ്യാപക വിമർശനം

കേരളം ടൂറിസം ഔദ്യോ​ഗിക ഫേസ്ബുക്ക്, ട്വിറ്ററ്‍ പേജുകളിൽ ഷെയർ ചെയ്ത ചിത്രം വലിയ രീതിയിൽ ചർച്ചയാകുന്നു. സ്പൈഡർമാൻ: നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണ് ചർച്ചയാകുന്നത്.

10-'ശമ്പളമില്ലാതെ 41-ാം ദിവസം' ബാഡ്ജ്; ബിഎംഎസ് നേതാവായ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി

 ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കാണ് സ്ഥലംമാറ്റിയത്.