ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം, ബ്രഹ്മപുരത്തെ അണയാത്ത തീ, സമരം അവസാനിപ്പിച്ച് ഹര്‍ഷിന
1- ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; എസ്എഫ്ഐ പ്രവർത്തകർ കീഴടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ അതിക്രമം നടന്ന കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതികൾ കീഴടങ്ങിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരാണ് കീഴടങ്ങിയത്.
ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
3- മനീഷ് സിസോദിയ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ, തിങ്കളാഴ്ച ഹാജരാക്കണം
ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച്ച വീണ്ടും ഹാജരാക്കണം. സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു.
4- എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി
എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് 9ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. രാവിലെ 9.30 നാണ് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തെ അപലപിച്ച് ബിജെപി, കോൺഗ്രസ് ദേശീയ നേതാക്കൾ. വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ട രീതി ഇതല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കാർ പറഞ്ഞു. എല്ലാ പ്രതികളെയും സർക്കാർ അറസ്റ്റ് ചെയ്യണം. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള അതിക്രമം വച്ചു പൊറുപ്പിക്കാനാകില്ലെന്നും ജാവദേക്കർ പറഞ്ഞു.
6-പ്രതിഷേധമിരമ്പി, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ മാധ്യമ കേരളം
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ എസ്എഫ്‌ഐ നടത്തിയ അതിക്രമത്തിനെതിരെ മാധ്യമകേരളത്തിന്റെ പ്രതിഷേധം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, പത്തനം തിട്ട, ഇടുക്കി ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രതിഷേധ മാര്‍ച്ച് നടത്തി.
കാട്ടാക്കടയിൽ വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു. അമ്പലത്തിൻകാലയിൽ സ്വദേശി അജയകുമാറാണ് ബന്ധുവായ സുരേഷ്കുമാറിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ പൂട്ടിയിട്ടു. ഈ സമയം സുരേഷ് കുമാറിന്റെ ഭാര്യയും മകളും കൊച്ചുമകനുമാണ് വീട്ടിലുണ്ടായിരുന്നത്.
കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച എംകെ രാഘവന് കെ. മുരളീധരന്‍റെ പിന്തുണ. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് രാഘവന്‍ പറഞ്ഞതെന്നും പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരന്‍ തുറന്നടിച്ചു.
9-വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; സമരം അവസാനിപ്പിച്ച് ഹർഷിന, നടപടി ഉറപ്പുനൽകി ആരോഗ്യമന്ത്രി
വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ സമരം അവസാനിപ്പിച്ച് ഹർഷിന. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ അഭിമുഖത്തിലാണ് തീരുമാനം. നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയാതായി ഹർഷിന പറഞ്ഞു. കത്രിക ഏത് ആശുപത്രിയിലേതാണെന്നു കണ്ടെത്തണം. നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയിൽ മുഖ്യമന്ത്രിയെത്തുന്നതിനു മുമ്പ് കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ് കെ എസ്യു നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
