കാലിക്കറ്റ് സര്‍വകലാശാലയിൽ മുഖ്യമന്ത്രിയെത്തുന്നതിനു മുമ്പ് കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ് കെ എസ്യു നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിൽ മുഖ്യമന്ത്രിയെത്തുന്നതിനു മുമ്പ് കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ് കെ എസ്യു നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ആര്‍ ഷഹീന്‍,കെ എസ് യു ജില്ലാ പ്രസിഡന്‍റ് വി ടി നിഹാല്‍ എന്നിവരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം.
ഇവരെ വിട്ടയക്കാമെന്ന് ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജുരാജ് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി മൂന്ന് എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. കറുത്ത പർദ്ദയും ഷാളും പേടിച്ച് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയെന്ന് എംഎസ്എഫ് ആരോപിച്ചു. ഹരിത സംസ്ഥാന കമ്മിറ്റി അംഗം ടിപി ഫിദ, യൂണിറ്റ് സെക്രട്ടറി മറിയം റഷീദ, റഹീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അതിനിടെ, പരിപാടിക്ക് മുന്നോടിയായി പൊലീസ് കറുത്ത മാസ്ക് അഴിപ്പിക്കുകയും കറുത്ത കുട അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തതും തര്‍ക്കത്തിനിടയാക്കി. ഒടുവിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയവരെ പിന്നീട് സദസിലേക്ക് കടത്തിവിട്ടു. പിന്നാലെ വേദിക്ക് സമീപം പ്രതിഷേധിച്ച അഞ്ച് കെഎസ് യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവർ കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. സർവകലാശാലക്ക് മുന്നിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 250 കോടിയോളം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘടനമാണ് മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചത്.
