പിടിസെവന് പുതിയ പേര്, ആദിവാസി മൂപ്പനും മകനും ചികിത്സയില്ല!, അസമിൽ പത്താൻ പ്രദർശനത്തിന് സുരക്ഷ- പത്ത് വാർത്ത

1- 'ഒപി സമയം കഴിഞ്ഞതിനാല്‍ ചികിത്സയില്ല', അപകടത്തില്‍ പരിക്കേറ്റ ആദിവാസി മൂപ്പനോടും മകനോടും ക്രൂരത, പരാതി

പുത്തൂരിൽ അപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചതായി പരാതി. പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് ആരോപണം. വല്ലൂർ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

2- പിടി സെവന്‍ ഇനി 'ധോണി'; പുതിയ പേരിട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍

നാല് വർഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവന് (പിടി 7) വനം മന്ത്രി എ കെ ശശീന്ദ്രന്‍ പുതിയ പേരിട്ടു. ധോണി എന്ന പേരിലാണ് പിടി സെവന്‍ ഇനി അറിയപ്പെടുക.

3- ഷാരൂഖ് വിളിച്ചു, മുഖ്യമന്ത്രി ഉറപ്പ് നൽകി; 'അസമിൽ പത്താൻ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഉറപ്പ്'

ഷാറൂഖ് ഖാന്റെ പത്താൻ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് അസമിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ന് രാവിലെ ഷാരൂഖ് ഖാൻ ഹിമന്തയെ ഫോണിൽ വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

4- 'കൊളോണിയൽ അടിമത്വത്തിൽ നിന്ന് ചിലർ മുക്തരായിട്ടില്ല', ബിബിസി വിവാദത്തിൽ വിമർശനവുമായി കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രം. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലർ കരുതുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജജു കുറ്റപ്പെടുത്തി.

5- 'പൊലീസിന് ആരെയെങ്കിലും കിട്ടിയാൽ മതിയോ'? ആളുമാറി ജപ്തി ചെയ്ത സംഭവത്തില്‍ പികെ കുഞ്ഞാലിക്കുട്ടി

പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസില്‍ ആളുമാറി ജപ്തി ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാൽ മതിയോ എന്ന് ചോദിച്ച കുഞ്ഞാലിക്കുട്ടി, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്നതാണ് നയമെന്നും ചോദിച്ചു

6- '49 ഹോട്ടലുകളുടെ പേര് പുറത്തുവിട്ടത് അനാവശ്യം', കളമശ്ശേരി നഗരസഭയ്ക്ക് എതിരെ ഹോട്ടൽ & റസ്‍റ്ററന്‍റ് അസോസിയേഷന്‍

കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ നഗരസഭയ്ക്ക് എതിരെ ഹോട്ടൽ ആൻ്റ് റസ്‍റ്ററന്‍റ് അസോസിയേഷൻ. 49 ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട നഗരസഭയുടെ നടപടി അനാവശ്യമെന്നാണ് വിമര്‍ശനം. നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ ബാധിക്കും.സംഭവത്തെ നിയമപരമായി നേരിടുമെന്നും അസോസിയേഷൻ വിശദീകരിച്ചു.

7- അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം.

8- 'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

ലോട്ടറി അടിച്ചിട്ടും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള അനൂപ് ഇപ്പോൾ ഒരു ലോട്ടറിക്കട തുടങ്ങിയിരിക്കുകയാണ്. എംഎ ലക്കി സെന്റർ എന്ന് പേര് നൽകിയിരിക്കുന്ന കട മൂന്ന് ദിവസം മുൻപാണ് ആരംഭിച്ചതെന്ന് അനൂപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. ലോട്ടറിയിൽ കൂടെ ജീവിതം മെച്ചപ്പെട്ടത് കൊണ്ടാണ് സ്വന്തമായി കച്ചവടം തുടങ്ങിയതെന്നും അനൂപ് പറഞ്ഞു.

9- മറ്റിടങ്ങളിൽ സർക്കാരും ഗവർണറും ഏറ്റുമുട്ടൽ, ഇവിടെ ഒത്തുതീര്‍പ്പും ഒത്തുക്കളിയും; നയപ്രഖ്യാപന വിഷയത്തിൽ സതീശൻ

നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ - സർക്കാർ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ ഒപ്പമല്ലെന്നാണ് എല്ലായിപ്പോഴും പ്രതിപക്ഷം പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്നും സതീശൻ വ്യക്തമാക്കി

10- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം പുറത്ത്; ഇഗ സ്വിയറ്റെക്കും മടങ്ങി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- അന്ന ഡാനിലിന (ഉസ്‌ബെക്കിസ്ഥാന്‍) സഖ്യം രണ്ടാം റൗണ്ടില്‍ പുറത്ത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്തോ- ഉസ്‌ബെക്ക് സഖ്യത്തിന്റെ തോല്‍വി. 4-6, 6-4, 2-6. ഇനി മിക്‌സ്ഡ് ഡബിള്‍സില്‍ മാത്രമാണ് സാനിയയുടെ പ്രതീക്ഷ.