Asianet News MalayalamAsianet News Malayalam

'ഒപി സമയം കഴിഞ്ഞതിനാല്‍ ചികിത്സയില്ല', അപകടത്തില്‍ പരിക്കേറ്റ ആദിവാസി മൂപ്പനോടും മകനോടും ക്രൂരത, പരാതി

അപകടത്തിൽ പരിക്കേറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്.
ഈ സമയം ഡോക്ടർ അവിടെ ഉണ്ടായിരുന്നു. എന്നാൽ ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നൽകിയില്ല. 

A tribal elder and his son who were injured in an accident in Thrissur complained that the doctor refused treatment
Author
First Published Jan 22, 2023, 4:44 PM IST

തൃശ്ശൂര്‍: പുത്തൂരിൽ അപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചതായി പരാതി. പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് ആരോപണം. വല്ലൂർ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രമേശനും മകൻ വൈഷ്ണവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പുത്തൂരിൽ വച്ചാണ് അപകടം. ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരെയും പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ. ഗീരീഷായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അര മണിക്കൂർ കാത്തു നിന്നു. തർക്കമായതോടെ ഡോക്ടർ കാറെടുത്ത് പോയെന്നാണ് ആരോപണം. 

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് ഇരുവർക്കും ചികിത്സ നൽകിയത്. വൈഷ്ണവിന്‍റെ വലത് കൈക്ക് പൊട്ടലുണ്ട്. അച്ഛൻ രമേശനും പരിക്കുണ്ട്. വല്ലൂർ ആദിവാസി ഊരിലെ മൂപ്പൻ കൂടിയാണ് കേരള പൊലീസ് അക്കാദമിയിൽ ജോലി ചെയ്യുന്ന രമേശ്. ഇരുവരും എത്തുമ്പോൾ താൻ മൂത്രമൊഴിക്കാൻ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ വൈകിയെന്ന് ആരോപിച്ച് ബഹളം വച്ചു. നഴ്സുമാർ ചികിത്സ നൽകാൻ തയ്യാറായെങ്കിലും വഴങ്ങാതെ തിരിച്ച് പോവുകയായിരുന്നു എന്നാണ് ഡോക്ടറുടെ വിശദീകരണം. രമേശന്‍റെ പരാതിയിൽ ഒല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios