Asianet News MalayalamAsianet News Malayalam

പ്രൗഢഗംഭീരം റിപ്പബ്ലിക് ദിനാഘോഷം, ഡോക്യുമെന്ററിയിൽ അമേരിക്ക,ലഹരിയുമായി കുടുങ്ങിയവരിൽ ഗർഭിണിയും- പത്ത് വാർത്ത

പ്രൗഡ ഗംഭീരം റിപ്പബ്ലിക് ദിനാഘോഷം, ഡോക്യുമെന്ററിയിൽ അമേരിക്ക, മയക്കുമരുന്നുമായി പിടിയിലായവരിൽ ഗർഭിണിയായ യുവതി

Top 10 news 26 01 2023
Author
First Published Jan 26, 2023, 6:50 PM IST

174-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; സൈനിക ശക്തിയും സാംസ്കാരിക പൈതൃകവും വിളിച്ചോതി പ്രൗഡ ഗംഭീര പരേഡ്

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്കാരിക പൈതകൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് കർത്തവ്യപഥ് സാക്ഷിയായി. സ്വാതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.

2- ബിബിസി ഡോക്യുമെന്‍ററി: ജാമിയമിലിയയിൽ പ്രതിഷേധിച്ചതിന് കസ്ററഡിയിലായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം തടയുന്നതിനെതിരെ ജാമിയ മിലിയയിൽ പ്രതിഷേധിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു. പ്രദർശനം തടയാനായി വിദ്യാർത്ഥി സംഘടനാ നേതാക്കളെ കരുതൽ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.

3- 'നിക്ഷേപകരിലാകെ അനാവശ്യഭീതി ഉണ്ടാക്കി'ഹിൻഡൻബെർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്

ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിലേയും അമേരിക്കയിലെയും നിയമ സാധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി വാർത്താക്കുറിപ്പ് ഇറക്കി

4- മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണം;ബിബിസി ഡോക്യുമെന്‍ററിയെ തള്ളാതെ അമേരിക്ക

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍റി തള്ളാതെ അമേരിക്ക. മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കൻ വക്താവ് നെദ് പ്രൈസ് വ്യക്തമാക്കി.ജനാധിപത്യ മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത,മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യംനൽകുന്നു. ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലെന്നും അമേരിക്ക വ്യക്തമാക്കി

5- 'ഹിന്ദുവിന്‍റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു,ഗാന്ധിവധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താൻ ശ്രമം'

കേന്ദ്ര അധികാരത്തിൻ്റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി .ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്. ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികൾ അവർ നടത്തുന്നു.പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു.മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി സംഘ പരിവാര്‍ ചിത്രീകരിക്കുന്നു. ബിജെപി നേതാക്കൾ നേരിട്ട് ന്യൂനപക്ഷങ്ങൾക്ക് എതിരെ കലാപ ആഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു

 

6- കോട്ടയത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ

കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പൊലീസിൻ്റെ പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു.

7- പരേഡ് ഗ്രൗണ്ട്‍സിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല; ഹൈക്കോടതിയുടെ നിർദേശം മറികടന്ന് തെലങ്കാന സർക്കാർ

റിപ്പബ്ലിക് ദിനം പൂർണ തോതിൽ നടത്തണമെന്ന തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി.

8- അതിര്‍ത്തി കടന്ന് 'ജെയിംസും' 'സുന്ദരവും'; 'നന്‍പകല്‍' തമിഴ്നാട്ടില്‍ ഇന്ന് മുതല്‍

മമ്മൂട്ടി നായകനായെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ തമിഴ്നാട് റിലീസ് ഇന്ന്. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന മലയാള ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ഇരുഭാഷകളും സംസാരിക്കുന്നുണ്ട്. 29 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിക്കുക.

9- ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യ, ആശങ്കയും അറിയിച്ചു

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകർക്കപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ. ഈ മാസം ആദ്യമാണ് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം, വിക്ടോറിയയിലെ കാരം ഡൗൺസിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ ഇസ്‌കോൺ ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ നടത്തി 'സാമൂഹിക വിരുദ്ധർ' വികൃതമാക്കിയത്.

10- ചേരാനെല്ലൂരിൽ ലഹരി മരുന്നുകളുമായി ഗർഭിണിയായ യുവതിയും യുവാക്കളും പിടിയിൽ

ചേരാനെല്ലൂരിൽ ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്നും പലതരത്തിലുള്ള ലഹരി മരുന്നുകൾ പൊലീസ് പിടികൂടി. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്

Follow Us:
Download App:
  • android
  • ios