കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഗുലാം നബി ആസാദ്, ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍  ബിജെപി നടത്തുന്ന ശ്രമങ്ങളെ വിമർശിച്ച്  വി ഡി സതീശൻ,  കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ ടൈഗർ സഫാരി നടത്തി പ്രധാനമന്ത്രി- പത്ത് വാര്‍ത്തകള്‍. 

1. ബിജെപിയുടേത് ഇരട്ടത്താപ്പ്, രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കുന്നത് സംഘപരിവാർ: സതീശൻ 

ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്തവ ദേവാലയങ്ങൾ രാജ്യത്ത് സംഘപരിവാറിനാൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപി മന്ത്രി ക്രൈസ്തവരെ ഓടിച്ചിട്ട്‌ തല്ലണമെന്നാണ് മുമ്പ് പറഞ്ഞത്. സംഘപരിവാർ അക്രമത്തിനെതിരെ വിവിധ ക്രിസ്ത്യൻ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന തന്ത്രങ്ങളിൽ ക്രൈസ്തവർ വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു

2. 'ബിജപിയുടെ വളർച്ചയ്ക്ക് കാരണം ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വം, മോദിയിൽ നല്ല ഗുണങ്ങളുണ്ട്'; ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. ബിജെപിയുടെ ഇന്നത്തെ വളർച്ചക്ക് കാരണം ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ബിജെപിയുടെ നയങ്ങൾ ഒരിക്കലും മുസ്ലിങ്ങളെയോ ന്യൂനപക്ഷങ്ങളെയോ സഹായിക്കുന്നവയല്ല. പക്ഷേ സഹായിക്കുകയാണ് എന്ന പ്രതീതി അവർ ഉണ്ടാക്കുന്നുണ്ട്. കോൺഗ്രസ് നിശ്ചലരായി ഇരുന്ന് ബിജെപിയെ വളരാൻ സഹായിക്കുകയാണെന്നും ഗുലാം നബി ആസാദ് തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ഡയലോഗ്' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.

3. മുഖ്യമന്ത്രി അടുത്ത മാസം യുഎഇയിലേക്ക്; മന്ത്രിമാരായ രാജീവും റിയാസും സംഘത്തിൽ

നാല് ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യുഎഇയിലേക്ക് പോകും. യുഎഇ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മെയ് ഏഴിന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും പങ്കെടുക്കുന്നുണ്ട്. മെയ് പത്തിന് പൊതുജന സംവാദം അടക്കം വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉള്ളത്. മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 

4. 'ഒരു ഭാഗത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രീണനം, മറുഭാഗത്ത് അവര്‍ക്കെതിരെ അക്രമം'; ബിജെപിക്ക് രണ്ട് മുഖമെന്ന് തരൂർ

ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബിജെപിക്ക് രണ്ട് മുഖമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ഒരു ഭാഗത്ത് ക്രിസ്ത്യൻ ന്യൂനപക്ഷ പ്രീണനം നടത്തുമ്പോൾ മറുഭാഗത്ത് അവർക്കെതിരെ അക്രമം വർധിക്കുന്നു. പല ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾക്കുമെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് ബിജെപി നേതാക്കൾ. മോദിയുടെ പ്രസംഗം മാത്രമല്ല, ബിജെപിയുടെ ഹിന്ദുത്വമുഖമാണ് കാണേണ്ടതെന്നും തരൂർ പറഞ്ഞു. കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല പ്രസ്താവനയോടാണ് പ്രതികരണം. നരേന്ദ്രമോദി മികച്ച നേതാവെന്നും ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്നുമായിരുന്നു സിറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന. 

5. ന്യൂനപക്ഷത്തെ കൂടെ നിർത്താനുള്ള സംഘപരിവാർ നീക്കം പരിഹാസ്യം; അരമന കയറിയിറങ്ങുന്നത് ബിജെപിയുടെ നാടകമെന്ന് സിപിഎം

ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിർത്താനുള്ള സംഘപരിവാർ പ്രവർത്തനം പരിഹാസ്യമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗം ആന്തരിക ഭീഷണിയെന്നാണ് വിചാരധാര പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഇതിന്‍റെ ഭാഗമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കൾ മതസ്ഥാപനങ്ങളിലും പുരോഹിതൻമാരേയും സന്ദർശിക്കുന്നു. പ്രബുദ്ധ കേരളം ബിജെപിയുടെ നിലപാട് വൈരുദ്ധ്യമെന്ന് തിരിച്ചറിയുമെന്നും അരമന കയറി ഇറങ്ങുന്ന ബിജെപി നേതാക്കളുടെ നടപടി നാടകമാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

6. ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ ടൈഗർ സഫാരി നടത്തി മോദി,'എലഫെന്‍റ് വിസ്പറേഴ്സി'ലെ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ച

തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ ടൈഗർ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്കർ പുരസ്കാരം നേടിയ 'എലഫെന്‍റ് വിസ്പറേഴ്സി'ലെ ബൊമ്മനെയും ബെല്ലിയെയും കണ്ട് മോദി നേരിട്ട് അഭിനന്ദനമറിയിച്ചു. കാട്ടിൽ പരിക്കേറ്റ് കണ്ടെത്തിയ രഘു എന്ന ആനക്കുട്ടിയെ ചേർത്തുനിർത്തിയ മുതുമലൈ വന്യജീവി സങ്കേതത്തിലെ ബൊമ്മനും ബെല്ലിയുടെയും കഥ ഓസ്കർ പുരസ്കാരത്തിളക്കത്തിലൂടെ ലോകം കണ്ടതാണ്. ആ ബൊമ്മനെയും ബെല്ലിയെയും നേരിട്ട് കാണാനും അഭിനന്ദനമറിയിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുതുമലൈയിലെ തെപ്പക്കാട് ആനക്യാമ്പിലെത്തിയത്.

7. ട്രെയിൻ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം

എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടർച്ചയായി പറഞ്ഞതിന്റെ ഭാഗമായി ഇന്ന് മെഡിക്കൽ സംഘം ഇയാളെ പരിശോധിച്ചിരുന്നു. തുടർന്ന് ഡോക്ടർ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ചു. ഇതോടെയാണ് തെളിവെടുപ്പുമായി മുന്നോട്ടുപോകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം.

8.'എത്ര ഇടുങ്ങിയ ചിന്താഗതിയാണത്'; ഇഫ്താര്‍ വിരുന്ന് വിമര്‍ശനത്തില്‍ പ്രേമചന്ദ്രനെതിരെ ഇപി ജയരാജന്‍

ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍. ഇത്തരം പരിപാടികളില്‍ വ്യത്യസ്ത ചേരിയിലുള്ളവര്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും നിരീക്ഷിക്കുന്നതും അഭിപ്രായം പറയുന്നതും ഔചിത്യമില്ലായ്മയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും പരിപാടികളും ഇത്തരത്തിലാണ് കേരളത്തില്‍ നടക്കുന്നത്. അതാണ് നമ്മുടെ സംസ്‌കാരം. അവിടെ മതവും രാഷ്ട്രീയവും ഒന്നും ഘടകമേ അല്ല. പ്രതിപക്ഷ നേതാവും കുഞ്ഞാലിക്കുട്ടിയും എല്ലാം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവരുടെ രാഷ്ട്രീയ നിലപാട് മാറിപ്പോകും എന്നാണോ പ്രേമചന്ദ്രന്‍ ചിന്തിക്കുന്നത്. എത്ര ഇടുങ്ങിയ ചിന്താഗതിയാണതെന്നും ഇപി ജയരാജന്‍ ചോദിച്ചു. 

9.സദാചാര കൊലപാതകം; മുഖ്യപ്രതി രാഹുലുമായി മുംബൈയിൽ നിന്ന് പൊലീസ് കേരളത്തിലേക്ക്, മടങ്ങുന്നത് ട്രെയിൻ മാർഗം

തൃശ്ശൂർ ചേർപ്പിൽ ബസ് ഡ്രൈവറെ മർദ്ദിച്ചു കൊന്ന സംഭവത്തിലെ ഒന്നാം പ്രതിയുമായി കേരള പൊലീസ് സംഘം മുംബൈയിൽ നിന്ന് മടങ്ങി. ട്രെയിൻ മാർഗമാണ് ഒന്നാം പ്രതിയായ രാഹുലിനെ കൊണ്ടുവരുന്നത്. വെള്ളിയാഴ്ചയാണ് ഗൾഫിൽ നിന്ന് മടങ്ങി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ വിഭാഗം രാഹുലിനെ പിടികൂടിയത്. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും. ചേർപ്പിലെ സ്വകാര്യ ബസ് ഡ്രൈവർ സഹറിനെ മർദിക്കാൻ പദ്ധതിയിട്ടത് ചേർപ്പ് സ്വദേശിയായ രാഹുൽ ആയിരുന്നു.

10. ജിപിഎസ് കോള‍ർ എത്തിയില്ല, അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം വൈകാൻ സാധ്യത

ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം ഏതാനും ദിവസം വൈകാൻ സാധ്യത. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻറെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ കോളർ കൈമാറാൻ ആസ്സാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല.