കോൺഗ്രസിൽ തരൂർ ചർച്ച, ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഎം, ഭക്തിസാന്ദ്രം സന്നിധാനം- പത്ത് വാർത്തകൾ

1- തരൂരിനെ തള്ളണോ കൊള്ളണോ? എഐസിസി ധര്‍മ്മസങ്കടത്തില്‍, നേതൃത്വത്തില്‍ ഭിന്നാഭിപ്രായം

സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം. തരൂരിന്‍റെ തേരോട്ടത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കുമ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് ശശി തരൂരും. ജനം തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും, ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

2- പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല

മണിക്കൂറുകള്‍ നീണ്ട ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകൾ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു.

3- സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. അന്വഷണ കമീഷൻ റിപ്പോർടിനെ തുടർന്നാണ് നടപടി. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി.

4- 'മാനസികമായി പീഡിപ്പിച്ചു,ചോദ്യം ചെയ്തപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടു'; എസ്ഐക്കെതിരെ വനിത സിപിഒ

ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയോട് എസ്ഐ തട്ടിക്കയറി മുറിയിൽ നിന്ന് ഇറക്കിവിട്ടു. പിന്നാലെ വിശ്രമമുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ എസ്ഐയും സംഘവും വാതിൽ ചവിട്ട് പൊളിച്ച് പുറത്തിറക്കി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.

5- ഡോ. അരുൺ കുമാറിനെതിരെ പരാതി; കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി

കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്.

6- 'മുഖ്യമന്ത്രിയാകുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോ'? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച കെ മുരളീധരൻ, തലേന്നിട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടായിരുന്നു സത്യപ്രതിജ്ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി, ഇപ്പോൾ ജനാധിപത്യമല്ലെയെന്നും കെ മുരളീധരൻ ചോദിച്ചു. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

7-വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി, ക‍ര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം

വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു.

8- അടിമാലിയിൽ മദ്യത്തിൽ വിഷം കല‍ര്‍ത്തിക്കൊന്ന സംഭവം; സുധീഷ് 'ദൃശ്യം' മോഡലിൽ പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു

അടിമാലിയിൽ മദ്യത്തിൽ വിഷം ചേർത്ത് ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുധീഷ് ദൃശ്യം സിനിമാ മോഡലിൽ പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചതായി കണ്ടെത്തൽ. മരിച്ച കുഞ്ഞുമോന് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ മദ്യം വഴിയിൽ കിടന്നു കിട്ടിയതാണെന്ന് സുധീഷ് പ്രചരിപ്പിച്ചു.

9- ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍; ദര്‍ശനത്തിനായി എത്തുന്ന വീഡിയോ കാണാം

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തിയത്. നാളെയാണ് പരമ്പരയിലെ അവസാന ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം ഏകദിനത്തിന് പ്രധാന്യമൊന്നും നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദമൊന്നുമില്ല.

10- ഒരു മാസത്തിനിടെ 60,000 മരണം; ഒടുവില്‍ കൊവിഡ് കണക്ക് പുറത്തുവിട്ട് ചൈന

ഒരു മാസത്തിനിടെ 60,000- തോളം കൊവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യ​ഹുയി പറഞ്ഞു. 2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.