കോഴിക്കോട്: സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കുള്ള ആപ്പിന് സാങ്കേതിക അനുമതി കാക്കുകയാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ലോക്ക് ഡൗൺ കാരണം അടച്ചിട്ട മദ്യശാലകൾ തുറക്കുമ്പോൾ വലിയ തിരക്ക് ഉണ്ടാകും. അത് ഒഴിവാക്കാൻ ഒരു സിസ്റ്റം ഉണ്ടായെ പറ്റു. അതിന് വേണ്ടിയാണ് ആപ്പിനെ കുറിച്ച് ആലോചിച്ചത്. അത് കുറ്റമറ്റ നിലയിലായിരിക്കണം നടപ്പാക്കേണ്ടത്. അതുകൊണ്ടാണ് കാലതാമസം വരുന്നതെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. 

ആപ്പിന് ഗൂഗിൾ അനുമതി ആവശ്യമാണ്. അത് നേടാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. അധികം വൈകാതെ ആപ്പ് ഉപയോഗത്തിൽ വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എക്സൈസ് മന്ത്രി കോഴിക്കോട്ട് പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: 'ഏതു നിമിഷവും നടപ്പാകും'; മദ്യവിതരണ ആപ്പിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രി... 

മദ്യ വിൽപ്പനക്കുള്ള ഓൺലൈൻ ആപ്പ് സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ഏൽപ്പിച്ചതിൽ തെറ്റൊന്നും ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസകും പ്രതികരിച്ചു. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിലെന്താണ് കുഴപ്പമെന്ന് മനസിലായില്ലെന്നാണ് തോമസ് ഐസകിന്‍റെ പ്രതികരണം. 

അതിനിടെ ആപ്പ് ഈ ആഴ്ച ഉണ്ടായേക്കില്ലെന്ന വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. ബെവ് ക്യു എന്ന പേരിലാണ് ആപ്പ് ഇപ്പോൾ അറിയപ്പെടുന്നതെങ്കിലും പേര്മാറ്റത്തെ കുറിച്ച് കമ്പനി കാര്യമായി ആലോചിക്കുന്നതായും സൂചനയുണ്ട്.