പി സി ജോര്‍ജിന്‍റെയും ഷോൺ ജോര്‍ജിന്‍റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. കോർ ഹിന്ദുക്കളെ വിട്ട് ക്രിസ്ത്യൻ ഔട്ട് റീച്ചിന് പോയ കേരളത്തിലെ ബിജെപി നേതൃത്വത്തെ അദ്ദേഹം വിമർശിച്ചു. സമുദായം ലാഭം മാത്രം എടുക്കുകയാണെന്നും ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് അവരെ രക്ഷിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: പി സി ജോര്‍ജിന്‍റെയും ഷോൺ ജോര്‍ജിന്‍റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെൻകുമാർ. കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ തന്നെ താൻ ഇതെല്ലാം പറഞ്ഞതാണെന്ന് ടി പി സെൻകുമാർ പ്രതികരിച്ചു. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്‍റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിലെ ബിജെപിയെ എവിടെ എത്തിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.
ഷോൺ ജോർജും പി സി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. വാസ്തവത്തിൽ എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും ആരെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ. എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം. ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസിലാകണം.
അവരുടെ ലാഭത്തിന് വേണ്ടിയാണ്. അതായത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കൈയിൽ നിന്ന് അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസിലാക്കാൻ അവർക്ക് കഴിയണമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്നെന്നും ടി പി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.


