റോഡിലെ ഗതാഗത നിയന്ത്രണം ചോദ്യം ചെയ്ത എറണാകുളം വാഴക്കാലി സ്വദേശിയായ യുവാവിനെ ട്രാഫിക് വാര്‍ഡൻമാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

എറണാകുളം: എറണാകുളം വാഴക്കാലയിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ട്രാഫിക് വാർഡൻമാർ. ഗതാഗതനിയന്ത്രണം ചോദ്യംചെയ്ത വാഴക്കാലി സ്വദേശി ജിനീഷിനെയാണ് വാർഡൻമാർ സംഘം ചേർന്നു മർദിച്ചത്. ജിനീഷിന്‍റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 10.40നാണ് എറണാകുളം വാഴക്കാലയിൽ ഗതാഗതനിയന്ത്രണത്തിന് നിൽക്കുന്ന ട്രാഫിക് വാർഡൻമാരും വാഴക്കാല സ്വദേശി ജിനീഷും തമ്മിൽ തർക്കമുണ്ടായത്. പരാതിപ്പെടാൻ ഉന്നത ഉദ്യോഗസ്ഥരുടെ നമ്പര്‍ ചോദിച്ച ജിനീഷിനെ വാർഡൻ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. സംഘം ചേർന്ന് വാർഡൻമാർ ജിനീഷിനെ ചവിട്ടിക്കൂട്ടി. മർദിച്ചതിനുശേഷം ജിനീഷിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ജിനീഷ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടാണ് മർദ്ദിച്ചതെന്ന് ന്യായീകരണം. നാട്ടുകാർ ചേർന്നാണ് ജിനീഷിനെ ആശുപത്രിയിലെത്തിച്ചത്. കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് ജിനീഷ്. ജിനീഷിന്‍റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് ജിനീഷ്.

YouTube video player