കാലടി സർവകലാശാലയിലെ പ്രതിസന്ധികൾക്ക് കാരണം ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിസിയുമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ ആരോപിച്ചു. വിസിക്ക് ആർഎസ്എസ് പിന്തുണയാണുള്ളതെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂർ: ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്റെ ദുരന്തമാണ് കാലടി സർവകലാശാല ഇന്ന് നേരിടുന്നതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ഒരു പക്വതയും ഇല്ലാത്തയാളെ രണ്ടുമൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുത്ത പാപമാണ് കാലടിയിലെ ജനങ്ങൾ ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞാൽ റോജി അനുസരിക്കാൻ സാധ്യതയില്ല. മന്ത്രിമാർ വ്യത്യസ്ത വഴികളിലാണ്. ക്യാബിനറ്റ് മീറ്റിങ്ങിന് മുമ്പ് ഗ്രൂപ്പ് യോഗം നടക്കുന്നു. ഓരോ മന്ത്രിയും ഓരോ പ്രസ്താവന നടത്തുന്നുവെന്നും സർക്കാരിന് പ്രശ്നങ്ങൾ പരിഹരിക്കാൻ ബാധ്യതയുണ്ട് ഇപി പറഞ്ഞു.
കാലടി സർവകലാശാല വിസിക്കെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. സർവകലാശാലയിൽ പഠിക്കുന്നത് പുതുതലമുറയാണ്. വിസി ഇത് മനസ്സിലാക്കണം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്ന് വല്ല ധാരണയും വിസിക്ക് ഉണ്ടോ? കഴിവുകെട്ട വിസിയാണ് കാലടി സർവകലാശാലയിൽ ഉള്ളത്. വിസിക്ക് രാഷ്ട്രീയ പിന്തുണ മാത്രമാണുള്ളത്. അത് ആർഎസ്എസ് പിന്തുണയാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ വിസി മനസ്സിലാക്കണം. പിഎച്ച്ഡി കൊണ്ട് മാത്രം കാര്യമില്ല പ്രായോഗിക ബുദ്ധി വേണം. ഞങ്ങൾ ക്ഷുഭിതരായാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്നും ഇപി മുന്നറിയിപ്പ് നൽകി.
ഇലക്ട്രിക്കൽ പോസ്റ്റിന് വെള്ളം ഒഴിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ. ഇവരോട് പറഞ്ഞിട്ട് എന്ത് കാര്യം. മൂന്ന് മക്കളുടെ അമ്മയാണ് വിസി. ഒരു അമ്മയ്ക്ക് കുട്ടികൾ നിരാഹാരം കിടക്കുന്നത് കാണാൻ കഴിയുമോ. ഞാൻ വേറെയാണ് ശങ്കിക്കേണ്ടത്. പക്ഷെ ഇപ്പോൾ ശങ്കിക്കുന്നില്ല. എല്ലാ സ്ഥാനവും എല്ലാകാലത്തും ഉണ്ടാകില്ലെന്ന് മന്ത്രിയും വിസിയും മനസ്സിലാക്കണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിന്റെ അടുത്തല്ലേ കാലടി സർവകലാശാല. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. കെ കരുണാകരനെ പരിഹസിച്ചുകൊണ്ട് പണ്ട് ഒരാൾ മിമിക്രി അവതരിപ്പിച്ചു. ഒരിക്കൽ കൂടി അവതരിപ്പിക്കാനാണ് കെ കരുണാകരൻ പറഞ്ഞത്. ഇവരൊന്നും കരുണാകരൻ ഗ്രൂപ്പ് അല്ലെന്ന് തോന്നുന്നു. ഇപ്പോഴും കുറ്റപ്പെടുത്തുന്നത് അങ്കമാലിയിലെ സഹോദരങ്ങളെയാണ്. നിങ്ങൾക്ക് കയ്യബദ്ധം പറ്റിപ്പോയെന്നും ജയരാജൻ പറഞ്ഞു.
















