വാൽപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 9 പേർ മരിച്ചു. ഏഴ് സ്ത്രീകൾക്കും 2 കുട്ടികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപക സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 14 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വിനോദയാത്രയുടെ ഭാഗമായി വാൽപ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player