തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു വരുന്നു. മൂന്ന് ദിവസമായി ഗതാഗതം നിലച്ച ഷൊർണ്ണൂർ-പാലക്കാട്  പാത ഇന്ന്  തുറന്നു. ഇന്ന്  35 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെയോടെയാണ് ഷൊർണൂർ പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗം പുനസ്ഥാപിക്കാനായത്. 

പാലക്കാട് വഴിയുള്ള ദീർഘദൂര ട്രെയിനുകൾ ഇനി വഴിതിരിച്ചുവിടില്ല. കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയ ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാർക്കായി പകരം സർവീസ് ഒരുക്കാനാണ് ശ്രമം. ഷൊർണ്ണൂർ- കോഴിക്കോട് പാത നാളെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തുപുരത്ത് നിന്നും ഇന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന മംഗളൂരു, മലബാർ, മാവേലി എക്സ്പ്രസ്സുകൾ റദ്ദാക്കിയിട്ടുണ്ട്.

12696 തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ ഇന്ന് തിരുവനന്തപുരത്ത് പതിവ് സമയത്ത് സര്‍വ്വീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നും  ഷൊർണൂർ വരെയും തിരിച്ചും ജനശതാബ്ദികൾ ഓടും. ഷാലിമാര്‍ എക്സ്പ്രസ് നാല് മണിക്ക് പുറപ്പെടും. കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് 4.45നും പുറപ്പെടും  

ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നതിനാൽ ഇന്നും യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി. റദ്ദാക്കിയ വണ്ടികളിൽ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് തുക തിരിച്ചുകിട്ടും. റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് എടുത്തവർ മൂന്ന് ദിവസത്തിനുള്ളിലും ഓൺലൈനായി ഏടുത്തവർ വ്യാഴാഴ്ചയ്ക്കകവും ഇതിനായി അപേക്ഷിക്കണം

എറണാകുളം ജംഗ്ഷനില്‍ നിന്നും വിശാഖപട്ടണത്തേക്ക് വൈകിട്ട് അഞ്ച് മണിക്ക് തീവണ്ടി പുറപ്പെടും. 22640 ആലപ്പുഴ- ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ ഇന്ന് എറണാകുളം ജംഗ്ഷനില്‍ നിന്നാവും സര്‍വ്വീസ് തുടങ്ങുക. നേരത്തെ കോയമ്പത്തൂരില്‍ നിന്നും പുറപ്പെടും എന്നറിയിച്ച തിരുവനന്തപുരം-കോബ്ര എക്സ്പ്രസ് മുന്‍നിശ്ചയിച്ച പോലെ തിരുവനന്തപുരത്ത് നിന്നും തന്നെ നാളെ സര്‍വ്വീസ് ആരംഭിക്കും. എറണാകുളം-ബനസ്‍വാടി എക്സ്പ്രസ് എറണാകുളത്ത് നിന്നും പുറപ്പെടും.