റിസർവേഷൻ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്ആർടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടർന്ന് വലയുന്ന സ്ഥിതിയാണ് കോഴിക്കോട്ടുള്ളത്.

കോഴിക്കോട്: കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോകളിൽ ഡീസൽ തീർന്നു. ദീർഘദൂര -അന്തർ സംസ്ഥാന ബസ്സുകളടക്കം ഇന്ധന ക്ഷാമത്തെ തുടർന്ന് സർവീസ് നടത്താനാകാതെ ബുദ്ധിമുട്ടിലാണ്. റിസർവേഷൻ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്ആർടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടർന്ന് വലയുന്ന സ്ഥിതിയാണ് കോഴിക്കോട്ടുള്ളത്.

മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി ഡിപ്പോകളിൽ ഡീസലില്ലെന്നും കോഴിക്കോട് നിന്ന് ഡീസൽ ലഭിക്കുമെന്നറിയിച്ചതനുസരിച്ചാണെത്തിയതെന്നും പ്രതിസന്ധിയിലായ കെഎസ്ആർടിസി ബസിലെ ജീവനക്കാർ അറിയിച്ചു. നിലവിൽ കോഴിക്കോട് ഡിപ്പോയും ഡീസൽ പ്രതിസന്ധിയായതിനാൽ സർവ്വീസ് മുടങ്ങിയേക്കും. 

കെഎസ്ആര്‍ടിസി ശമ്പളവിതരണത്തില്‍ ഉറപ്പു പറയാതെ ഗതാഗത മന്ത്രി,തീരുമാനമെടുക്കേണ്ടത് മാനേജ്മെന്‍റെന്നും വിശദീകരണം

സ്വകാര്യ പമ്പുകളിൽ നിന്നും ഡീസലടിക്കുന്നതിന് കെഎസ്ആർടിസിക്ക് അനുമതിയില്ല. അതിനാൽ റിസർവേഷൻ ചെയ്ത അന്തർ സംസ്ഥാന- ദീർഘദൂര യാത്രക്കാരും ബസ് ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്. ഉച്ചക്ക് മുമ്പ് ഇന്ധനമെത്തിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളും ഉറപ്പ് പറയാനാകുമെന്നതിലും അധികൃതർക്കും വ്യക്തതയില്ല.

കെഎസ്ആർടിസിയിൽ സിഐടിയു സിറ്റി സർക്കുലർ ബസുകൾ തടയുന്നു, ശമ്പളം കൊടുത്തിട്ട് മതി പരിഷ്കരണമെന്ന് തൊഴിലാളി യൂണിയൻ

തിരുവനന്തപുരത്ത് സിഐടിയു പ്രതിഷേധം 

എന്നാൽ അതേ സമയം, തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ ഭരണാനുകൂല സംഘടനയായ സിഐടിയു പരസ്യമായി പ്രതിഷേധിക്കുകയാണ്. കെ സ്വിഫ്റ്റ് ബസ് തടഞ്ഞാണ് സി ഐടിയുവിന്റെ പ്രതിഷേധം. തിരുവനന്തപരത്തെ കെഎസ്ആർടിസി സിറ്റി ഡിപ്പോയിൽ സിഐടിയു പ്രവർത്തകർ ബസ് തടഞ്ഞു.

നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടുകളിൽ, സ്വിഫ്റ്റിന്‍റെ ഇലക്ട്രിക്ക് ബസ്സുകൾ നിരത്തിലിറക്കുന്നതിരെയാണ് യൂണിയന്‍റെ പ്രതിഷേധം. സ്വിഫ്റ്റ് ബസ് എടുക്കാൻ വന്ന ഡ്രൈവറെ തടഞ്ഞു. സമരക്കാരെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി പ്രവർത്തകരും സർക്കുലർ സർവീസിന്റെ ഉദ്ഘാടന വേദിയിലേക്ക് പ്രകടനവുമായി എത്തി. ഇവരെ പൊലീസിടപെട്ട് നീക്കി.