മലപ്പുറം: ഉംറ തീർത്ഥാടനത്തിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടി മുങ്ങിയ മലപ്പുറം മേലാറ്റൂരിലെ ഗ്ലോബൽ ഗൈഡ് ട്രാവൽസ് ഉടമ മണ്ണാർക്കാട് സ്വദേശി അക്ബർ അലി കീഴടങ്ങി. ഈ ഏജൻസി വഴി മക്കയിലെത്തിയ 33 പേരുടെ മടക്കയാത്രാ ടിക്കറ്റ് റദ്ദാക്കി അക്ബർ അലി പണം തട്ടിയെടുക്കുകയായിരുന്നു. മേലാറ്റൂർ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്.

ഉംറ തീർത്ഥാടനത്തിനായി ഇവരോരുത്തരും 50000 മുതൽ ലക്ഷങ്ങൾ വരെ നൽകി കാത്തിരിക്കുകയായിരുന്നു. പാസ്പോർട്ട് ഉൾപ്പെടെയുളള രേഖകളും ട്രാവൽ ഏജൻസിക്ക് നൽകി. എന്നാൽ, പോകേണ്ട തീയ്യതിയെക്കുറിച്ചോ, യാത്രയുടെ വിശദാംശങ്ങളെക്കുറിച്ചോ ഒരറിയിപ്പും കിട്ടിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വഞ്ചിക്കപ്പെട്ടതായി ഇവർ മനസ്സിലാക്കുന്നത്.

പാലക്കാട്ട് മാത്രം 45 പേരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ഓഫീസിലെത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. അക്ബർ അലിയെ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. പൊലീസിൽ പരാതി നൽകിയിട്ടും ഇയാളെ കണ്ടുപിടിക്കുന്നതിൽ മെല്ലെപ്പോക്കാണെന്ന ആരോപണത്തിലായിരുന്നു വഞ്ചിക്കപ്പെട്ടവർ.

അക്ബർ അലിക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്സെടുത്തിരുന്നു. പൊലീസിടപെട്ട് ആളുകളുടെ പാസ്പോർട്ടും രേഖകളും ഓഫീസ് തുറന്ന് കണ്ടെടുത്ത് നൽകിയിരുന്നു. അക്ബർ അലിയുടെ ട്രാവൽ ഏജൻസി വഴി ഉംറക്ക് പോയവർ മക്കയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാൻ ബന്ധുക്കൾ വിദേശകാര്യമന്ത്രാലത്തിന്‍റെ സഹായം തേടിയിരുന്നു. മലപ്പുറത്തും പാലക്കാട്ടുമുളളവരാണ് തട്ടിപ്പിനിരയായത്.