വീണ്ടും കാട്ടാനക്കലി; തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു
തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വെള്ളച്ചാലിലെ പ്രഭാകരൻ ആണ് മരിച്ചത്

തൃശൂര്‍: തൃശൂർ താമരവെള്ളച്ചാലിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. താമര വെള്ളച്ചാൽ സങ്കേതത്തിലെ പ്രഭാകരൻ എന്ന 60കാരനാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.താമരവെള്ളച്ചാൽ ആദിവാസി സങ്കേതത്തിലെ അന്തേവാസിയായ പ്രഭാകരനാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പ്രഭാകരനും മകനും മരുമകനും കൂടി ഇന്ന് വെളുപ്പിനാണ് ഉൾക്കാട്ടിൽ പോയത്. അലക്കു സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന ചീനിക്കായ പെറുക്കാൻ പോയതായിരുന്നു. ചീനിക്കായ് വിറ്റ് ഉപജീവനം നടത്തുന്നവരാണ് താമര വെള്ളച്ചാൽ സങ്കേതത്തിലുള്ളവര്‍. ഉൾക്കാട്ടിൽ വെച്ച് അപ്രതീക്ഷിതമായി ആന ഇവർക്കുനേരെ വരികയായിരുന്നു. മരുമകനുനേരെയാണ് ആന ആദ്യം പാഞ്ഞടുത്തത്. മരുമകൻ ഓടി മാറിയതിനു പിന്നാലെ തിരിഞ്ഞ പ്രഭാകരനെ തട്ടിയിട്ടു. പ്രഭാകരനെ ആക്രമിക്കുന്ന കണ്ടുകൊണ്ടാണ് ഇരുവരും പുറത്തേയ്ക്ക് അലറിവിളിച്ച് ഓടിയത്. വീട്ടിലെത്തി വിവരം പറഞ്ഞു
അയൽവാസികളും ബന്ധുക്കളും ചേർന്ന് വനപാലകരെ വിവരം അറിയിച്ചു. വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം വീണ്ടെടുക്കാനായി കാട്ടിനുള്ളിലേക്ക് പോയി . പീച്ചി ഡാം റിസർവയറിൽ കിലോമീറ്ററോളം ബോട്ടിൽ സഞ്ചരിച്ചു വേണം അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരാ. അവിടെ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലേക്ക് മാറിയാണ് മൃതദേഹം കിടന്നിരുന്നത്. വൈകിട്ടോടെ മൃതദേഹം പുറത്തെത്തിച്ചശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
