Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം നഗരം അടയ്ക്കില്ല; എല്ലാ പഞ്ചായത്തിലും ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍, 2 പൊലീസുകാര്‍ നിരീക്ഷണത്തില്‍

ജില്ലയിലെ എല്ലാ പഞ്ചായത്തിലും ക്വാറന്‍റീന്‍ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് തീരുമാനം. കരിക്കകം മേഖലയെ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിക്കാൻ പരിശോധനകൾ നടക്കുകയാണെന്നും മന്ത്രി

trivandrum city will not be closed though restrictions are increasing
Author
Trivandrum, First Published Jun 23, 2020, 4:54 PM IST

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം നടപ്പിലാക്കുകയാണെങ്കിലും നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയിലെ എല്ലാ പഞ്ചായത്തിലും ക്വാറന്‍റീന്‍ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് തീരുമാനം. കരിക്കകം മേഖലയെ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിക്കാൻ പരിശോധനകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

അതേസമയം തിരുവനന്തപുരം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. വാഹന പരിശോധനയ്ക്കിടെ ഇവര്‍ തടഞ്ഞുനിര്‍ത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊലീസുകാര്‍ക്ക് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. 

തിരുവനന്തപുരത്ത് പത്തുദിവസത്തേക്കാണ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. നാളെ മുതൽ പ്രാബല്ല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളുണ്ടാകുമെന്ന് കോർപ്പറേഷൻ മേയർ അറിയിച്ചിട്ടുണ്ട്.

നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി  പ്രവര്‍ത്തിക്കുക. ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാൻ ചാലയും പാളയവും ഉൾപ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. പഴം,പച്ചക്കറി കടകൾ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകള്‍ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവില്‍പനക്കാർ 50 % മാത്രമേ പാടുള്ളു. 

അതേ സമയം രോഗവ്യാപനത്തെ കുറിച്ചുളള ഭയം ശക്തമായതോടെ നഗര നിരത്തുകളിലും പൊതുഇടങ്ങളിലും ആള്‍ത്തിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കണ്ടെയിന്‍മെന്‍റ് സോണുകളിലേക്കുളള ഗതാഗത നിയന്ത്രണം തുടരുകയാണ്. എല്ലായിടത്തും പൊലീസ് പരിശോധനകള്‍ ശക്തമാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. ജില്ലാ അതിർത്തിയിലും തീരമേഖലയിലും നിയന്ത്രണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക വ്യാപനത്തെ കുറിച്ചുളള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സെക്രട്ടറിയേറ്റിനു മുന്നിലേതടക്കമുളള സമരങ്ങളിലും ആളകല പാലനം ഉറപ്പാക്കാന്‍ പൊലീസ് നടപടിയെടുക്കും. 

 

 

Follow Us:
Download App:
  • android
  • ios