കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും പൊലീസ് സംരക്ഷണം തേടി കമ്മീഷണര്‍ ഓഫീസിൽ. യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിധിയിൽ അവ്യക്തത ഉള്ളതിനാൽ ശബരിമല കയറാൻ സുരക്ഷ നൽകാനാകില്ലെന് നിലപാടിലാണ് പൊലീസ് . ഇക്കാര്യം തൃപ്തി ദേശായിയേയും സംഘത്തെയും അറിയിച്ചിട്ടുണ്ട്. പൊലീസ് സുരക്ഷ ഇല്ലെങ്കിലും ശബരിമലയിൽ പോകുമെന്ന നിലപാടാണ് തൃപ്തി ദേശായിയും സംഘവും പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. 

അതേസമയം യുവതീ സംഘത്തിന്‍റെ വരവിൽ പ്രതിഷേധം കനക്കുന്ന സാഹചര്യം പൊലീസ് തൃപ്തിയേയും സംഘത്തേയും അറിയിച്ചിട്ടുണ്ട്. ജീവന് പോലും ഭീഷണിയായേക്കാവുന്ന സാഹചര്യം ഉണ്ടെന്നത് അടക്കം ചൂണ്ടിക്കാട്ടി തിരിച്ച് പോകണമെന്ന അഭ്യര്‍ത്ഥനയാണ് തൃപ്തി ദേശായിയെയും സംഘത്തേയും പൊലീസ് അറിയിച്ചത്. 

അതിനിടെ തൃപ്തിയുടേയും സംഘത്തിന്‍റെയും ഒപ്പം ശബരിമല സന്ദര്‍ശനത്തിന് ചേര്‍ന്ന ബിന്ദു അമ്മിണിയെ ഓടിച്ചിട്ട് മുളക് സ്പ്രേ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.മുളക് പൊടി സ്പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെല്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്.  പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളും പൊലീസും പറയുന്നത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും പൊലീസ് പറയാതെ മടങ്ങിപ്പോകുന്ന പ്രശ്നമില്ലെന്നുമാണ് ബിന്ദു അമ്മിണിയുടെ നിലപാട്. 

തുടര്‍ന്ന് വായിക്കാം:ബിന്ദു അമ്മിണിക്ക് നേരെ മുളകുസ്പ്രേ അടിച്ച ഹിന്ദു ഹെൽപ്‌ലൈൻ കോർഡിനേറ്റർ പിടിയിൽ...

അതിനിടെ തൃപ്തി ദേശായിയും സംഘവും വന്ന വിവരം അറിഞ്ഞ് കമ്മീഷണര്‍ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവും നടത്തുന്നുണ്ട്.  സാഹചര്യം വിലയിരുത്താൻ കൊച്ചി സിറ്റി പൊലീസ് ഡിഐജി ഫിലിപ്പിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. 

തുടര്‍ന്ന് വായിക്കാം:  കൊച്ചി കമ്മിഷണർ ഓഫീസിന് പുറത്ത് പ്രതിഷേധക്കാരുടെ ശരണം വിളി; കൂടുതൽ പൊലീസുകാർ സ്ഥലത്ത്

പുലര്‍ച്ചെ നാലരയോടെയാണ് തൃപ്‍തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്.  പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ്  സംഘം എത്തിച്ചേര്‍ന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ തൃപ്‍തി ദേശായി തിരിച്ച് പോവുകയായിരുന്നു.