ജനശതാബ്ദി എക്സ്പ്രസ്സുകളിലെ ബുദ്ധിമുട്ടേറിയ 'L' ആകൃതിയിലുള്ള സീറ്റുകൾക്ക് പകരം പുഷ്ബാക്ക് സീറ്റുകൾ വരുന്നു. ഒക്ടോബർ 11 മുതൽ തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയിൽ പുതിയ എൽ.എച്ച്.ബി കോച്ചുകൾ സർവീസ് ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം - കോഴിക്കോട് ട്രെയിനിലും ഈ സൗകര്യം ലഭ്യമാകും.

തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസ്സുകളിലെ 'L' രൂപത്തിലെ കുത്തനെയുള്ള സീറ്റുകൾ കാരണം ഏറെ പ്രയാസപ്പെട്ടിരുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. നാളെ (ഒക്ടോബർ 11) മുതൽ ജനശതാബ്ദി എക്സ്പ്രസ്സുകളിൽ പുഷ്ബാക്ക് സീറ്റുകൾ ഉൾപ്പെടുത്തിയ പുതിയ എൽ.എച്ച്.ബി (LHB) നോൺ-എസി ചെയർ കാർ കോച്ചുകൾ സർവീസ് ആരംഭിക്കും. റെയിൽവേയുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. രണ്ടു ഘട്ടങ്ങളിലായാണ് ഈ പുഷ്‌ബാക്ക് സീറ്റുകൾ ട്രെയിനുകളിൽ ലഭ്യമാകുക.

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സിൽ (12082) നാളെ മുതൽ ഇരുവശങ്ങളിലേക്കുമുള്ള യാത്രകളിൽ പുഷ്ബാക്ക് സീറ്റുകളോട് കൂടിയ കോച്ചുകൾ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം - കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സിലും (12076/12075) ഉടൻ തന്നെ പുഷ്ബാക്ക് സീറ്റുകൾ സജ്ജമാക്കും. ദീർഘദൂര യാത്രകളിൽ മുൻപത്തെ കുത്തനെയുള്ള സീറ്റുകൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാരിൽ നിന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള പുഷ്ബാക്ക് സീറ്റുകൾ അവതരിപ്പിക്കുന്നത്.