തട്ടിയെടുത്ത പണം കൊണ്ട് അഖിൽ ആഡംബര ജീവിതം നയിച്ചു. വില കൂടിയ വാഹനങ്ങളും ഭൂമിയും വാങ്ങി. ഓൺലൈൻ വഴിയാണ് അഖിൽ സാധനങ്ങൾ വാങ്ങിയിരുന്നതെന്നും വിജിലൻസ് പറഞ്ഞു.
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖിൽ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്. നഗരസഭ സെക്രട്ടറി അടക്കം മറ്റ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പ് വിവരം അറിയില്ലായിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖിൽ കൈകാര്യം ചെയ്തിരുന്ന ഫയലുകൾ മേലുദ്യോഗസ്ഥർ പരിശോധിച്ച ശേഷവും അതിൽ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. രണ്ടര കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു.
തട്ടിയെടുത്ത പണം കൊണ്ട് അഖിൽ ആഡംബര ജീവിതം നയിച്ചു. വില കൂടിയ വാഹനങ്ങളും ഭൂമിയും വാങ്ങി. ഓൺലൈൻ വഴിയാണ് അഖിൽ സാധനങ്ങൾ വാങ്ങിയിരുന്നതെന്നും വിജിലൻസ് പറഞ്ഞു. അഖിലിന്‍റെ വാഹനങ്ങൾ വിജിലൻസ് കസ്റ്റഡിയിൽ എടുക്കും. ഓൺലൈൻ വഴി അഖിൽ വാങ്ങിയ സാധനങ്ങളുടെ പർച്ചേസ് വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടി. ഇത്രയധികം പണമിടപാട് എങ്ങനെ നടത്തി എന്നതിൽ അഖിലിന്‍റെ മൊഴിയിൽ വ്യക്തത ഇല്ല. ഒളിവിൽ കഴിയുമ്പോൾ അഖിൽ യുപിഐ ഇടപാട് നടത്തിയിരുന്നില്ല. മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഒരു വർഷത്തിന് ശേഷമാണ് അഖിലിനെ കണ്ടെത്താൻ തന്നെ പൊലീസിന് കഴിഞ്ഞത്.
പിടികൂടിയത് കൊല്ലത്തെ ലോഡ്ജിൽ നിന്നും
വ്യാജ രേഖകൾ ഉണ്ടാക്കി പെൻഷൻ തട്ടിയെടുത്തു എന്നാണ് കൊല്ലം സ്വദേശിയായ അഖിലിനെതിരായ കേസ്. അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വൈക്കം നഗരസഭയിലാണ് അഖിൽ ഏറ്റവും ഒടുവിലായി ജോലി ചെയ്തിരുന്നത്.
നഗരസഭ ധനകാര്യ വിഭാഗം തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ അഖിൽ സി വർഗീസ് ഒളിവിൽ പോയി. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോൾ വലിയ അപാകത ശ്രദ്ധയിൽ പെടുകയായിരുന്നു. കോട്ടയം നഗരസഭയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തിൽ പണം അയച്ചതായി കണ്ടെത്തി. അഖിലിന്‍റെ അമ്മയാണ് അതെന്ന് വ്യക്തമായി. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ വിജിലൻസും അന്വേഷണം തുടങ്ങി ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.



