മൂവാറ്റുപുഴയിൽ വെച്ച് ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അൻവർ നജീബ്, ബാസിം നിസാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
എറണാകുളം: എറണാകുളം മൂവാറ്റുപുഴയിൽ വെച്ച് ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അൻവർ നജീബ്, വണ്ണപ്പുറം സ്വദേശി ബാസിം നിസാർ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഇവരുടെ ലോറിയിൽ ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴിയുണ്ടായ സംഭവത്തിന് ശേഷം ബിഷപ്പിൻ്റെ വാഹനത്തെ പിന്തുടർന്നെത്തിയ ഇരുവരും മൂവാറ്റുപുഴ വെളളൂർക്കുന്നത്ത് വച്ച് ലോറി കുറുകെയിട്ടായിരുന്നു അതിക്രമം. കാറിൻ്റെ ഹെഡ് ലൈറ്റും ടെയിൽ ലാംപും അടിച്ചുപൊട്ടിച്ചു. തുടർന്ന് ബിഷപ്പിൻ്റെ വാഹനമോടിച്ചിരുന്നയാളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.



