യാതൊരു ആസൂത്രണമോ മുന്നൊരുക്കമോ ഇല്ലാതെയാണ് മട്ടന്നൂരിൽ പെട്രോൾ പമ്പ് നിർമ്മാണത്തിനായി വലിയൊരു കുന്ന് ചെത്തിയിറക്കിയതെന്ന് നാട്ടുകാർ പറയുന്നു

കണ്ണൂർ: നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കണ്ണൂരിലും (Kannur) കൊല്ലത്തും (Kollam) മണ്ണിടിച്ചിൽ. രണ്ട് അപകടങ്ങളിലുമായി രണ്ട് നിർമ്മാണ തൊഴിലാളികൾ മരണപ്പെട്ടു. കണ്ണൂർ മട്ടന്നൂരിലും കൊല്ലം കണ്ണനല്ലൂരിലുമാണ് അപകടമുണ്ടായത്. 

പെട്രോൾ പമ്പ് നിർമ്മാണത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് കണ്ണൂർ മട്ടന്നൂർ കളറോഡിന് അടുത്ത് അപകടമുണ്ടായത്. മൂന്ന് നിർമ്മാണ തൊഴിലാളികളാണ് മണ്ണിനടിയിൽപ്പെട്ടത്. മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും ഒരാൾ മരണപ്പെട്ടു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മട്ടന്നൂരിലെ അപകടമുണ്ടായത്. പതിനഞ്ചോളം തൊഴിലാളികൾ ഈ സമയത്ത് സൈറ്റിലുണ്ടായിരുന്നു. യാതൊരു ആസൂത്രണമോ മുന്നൊരുക്കമോ ഇല്ലാതെയാണ് പെട്രോൾ പമ്പ് നിർമ്മാണത്തിനായി തൊട്ടടുത്തുള്ള വലിയൊരു കുന്ന് ചെത്തിയിറക്കിയതെന്ന് നാട്ടുകാർ പറയുന്നു. ചാവശ്ശേരി സ്വദേശി ഷജിത്ത് എന്ന തൊഴിലാളിയാണ് അപകടത്തിൽ മരിച്ചത്. ജനാർദ്ധനൻ, ജിജേഷ് എന്നീ തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കൊല്ലം കണ്ണനല്ലൂരിലാണ് രണ്ടാമത്തെ മണ്ണിടിച്ചൽ അപകടമുണ്ടായത്. നിർമ്മാണ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചേരിക്കോണം സ്വദേശി പ്രദീപാണ് ഇവിടെ മരിച്ചത്. കണ്ണനല്ലൂരിൽ ഒരു വീടിൻ്റെ മതിൽ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. മതിൽ നിർമ്മാണത്തിനായി ഒരു കുന്നിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെ പണിയെടുത്ത് കൊണ്ടിരുന്ന അഞ്ച് തൊഴിലാളികൾക്ക് മേലേക്ക് വലിയ അളവിൽ മണ്ണൊലിച്ച് എത്തുകയായിരുന്നു. 

മൂന്ന് തൊഴിലാളികളെ അതിവേഗം രക്ഷിക്കാനെയങ്കിലും മറ്റു രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഏറെ പണിപ്പെട്ട് രണ്ടു പേരെയും പുറത്ത് എടുത്തെങ്കിലും പ്രദീപ് സംഭവസ്ഥലത്ത് വച്ചു മരിച്ചു. മണ്ണിടിച്ചിലിൽ കുടുങ്ങിയ രണ്ടാമത്തെയാൾക്ക് നട്ടെല്ലിന് സാരമായ പരിക്കേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണ്. രാവിലെ പത്തരയോടെയായിരുന്നു അപകടം.