മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കും. ഇഡി റിപ്പോർട്ടിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് അഴിമതി തടയൽ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണ രണ്ടാം പ്രതിയാണ്.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസിൽ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും. തിരുവനന്തപുരം, കോഴിക്കോട് യൂണിറ്റ് എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും എസ്ഐടി പ്രവർത്തിക്കുക. ഇഡി റിപ്പോർട്ട് പ്രകാരം, രണ്ടു കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തത്. രണ്ട് എസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തിട്ടുള്ളത്. ഹവാല ഇടപാടിൽ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്. പിണറായിയും മുഹമ്മദ് റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ്ഐആറുകള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് കേസുകളുമെടുത്തത്.

എന്നാൽ, മാസപ്പടി കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ച് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു.

പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആര്‍ ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.