ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കിൽ അമിതവേഗതയിൽ സഞ്ചരിച്ച മൂന്നംഗ സംഘം അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക് കോളഭാഗം സൂര്യോദയം വീട്ടിൽ കെ ബി പ്രമോദിന്റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്കിന്‍റെ ഹാന്‍റൽ ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെയാണ് ദുരന്തം.
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയിൽ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയിലും മറ്റൊരു ബൈക്കിലുമിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മണ്ണഞ്ചേരി സബീൽ മൻസിൽ നരിയിൽ സുധീറിന്റെ മകൻ മുഹമ്മദ് സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിൻഷാദ് റഷീദ് (20) എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജംഗ്ഷന് സമീപം വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ഗോൾഡൻ ചിപ്‌സ് കടയ്ക്ക് മുന്നിലായിരുന്നു അപകടം.
മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക് കോളഭാഗം സൂര്യോദയം വീട്ടിൽ കെ ബി പ്രമോദിന്റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്കിന്‍റെ ഹാന്‍റൽ ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെയാണ് ദുരന്തം. കോട്ടയം നാട്ടകം ഗവൺമെന്റ് കോളേജിൽ ലൈബ്രറി അസിസ്റ്റന്റായ പ്രമോദ് ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് ബൈക്ക് പൂട്ടിവെച്ചത്. ആലപ്പുഴ ഭാഗത്തേക്ക് തെറ്റായ ദിശയിലൂടെ അമിതവേഗതയിൽ വന്ന ബൈക്ക് തെരുവുനായയെ ഇടിച്ചതോടെ നിയന്ത്രണംവിട്ട് അൻപത് മീറ്ററോളം തെന്നിനീങ്ങി എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റിജോ ജോൺസൺ, സുഹൃത്ത് അക്ഷയ് വിൻസന്റ് എന്നിവരാണ് എതിരെ വന്ന ബൈക്കിലുണ്ടായിരുന്നത്. അപകടത്തിൽ റിജോയുടെ ഇടതുകാലിനും കൈയ്ക്കും അക്ഷയുടെ ഇരുകൈകൾക്കും ഇടതുകാലിനും പരിക്കേറ്റു. റിജോ നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തു.
റോഡിൽ തലയടിച്ചുവീണ മുഹമ്മദ് സബീലും റിൻഷാദ് റഷീദും തൽക്ഷണം മരിച്ചു. നാട്ടുകാരാണ് ഷിജാസിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിജാസ് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നോർത്ത് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മുഹമ്മദ് സബീലിന്റെ മാതാവ് സുറുമിയാണ്. സഹോദരങ്ങൾ: സഹൽ, ബിലാൽ. റിൻഷാദ് റഷീദിന്റെ മാതാവ് ഷംനയാണ്. സഹോദരങ്ങൾ: റംസി, റിദ. മുഹമ്മദ് സബീലിന്റെ ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിലും റിൻഷാദിന്റെ ഖബറടക്കം മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിലും നടന്നു.


