കോട്ടയം: അപ്രതീക്ഷിതമായി ജോസഫ് നടത്തിയ നീക്കത്തിൽ അങ്കലാപ്പിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. വിമത സ്ഥാനാർത്ഥിയായി അവസാന നിമിഷം ഒരാളെ ജോസഫ് കളത്തിലിറക്കുമെന്ന് യുഡിഎഫോ ജോസ് കെ മാണി വിഭാഗമോ സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ല. ഇന്ന് രാവിലെയടക്കം അത്തരം വിമതനീക്കങ്ങളെയെല്ലാം യുഡിഎഫ് കേന്ദ്രങ്ങൾ തള്ളിപ്പറയുകയും ചെയ്തിരുന്നു. പരാതിയുമായി ജോസ് കെ മാണി വിഭാഗം യുഡിഎഫിന് മുന്നിലെത്തിക്കഴിഞ്ഞു. 

പിജെ ജോസഫ് സ്ഥാനാർത്ഥിയെ നിർത്തിയത് യുഡിഎഫിലുണ്ടാക്കിയ ധാരണകളുടെ ലംഘനമെന്ന് ജോസ് കെ മാണി പക്ഷം ആരോപിക്കുന്നു. എത്രയും വേഗം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും ജോസ് പക്ഷം ആവശ്യപ്പെടുന്നു. ചിഹ്നപ്രശ്നത്തിന്‍റെ പേരിൽ അവസാനനിമിഷം ഡമ്മിയെന്ന പേരിലൊരു വിമതനെ ജോസഫ് ഇറക്കിയതിൽ യുഡിഎഫിനകത്തും പ്രതിഷേധം പുകയുകയാണ്. 'ഡമ്മി'യെന്ന് ജോസഫ് പറഞ്ഞാലും ജോസഫ് കണ്ടത്തിലിനെ യുഡിഎഫ് നേതാക്കൾ വിളിക്കുന്നത് 'വിമത'നെന്ന് തന്നെ. 

കൂടുതൽ വായിക്കാം: പാലായിൽ അപ്രതീക്ഷിത നീക്കം: വിമത സ്ഥാനാർത്ഥിയെ ഇറക്കി കളിച്ച് ജോസഫ്

അതേസമയം, ആശങ്ക തൽക്കാലം മറച്ചു പിടിച്ച്, വിജയമുറപ്പെന്ന് പറയുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. പി ജെ ജോസഫ് ഇത്തരത്തിൽ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് യുഡിഎഫ് നേതൃത്വത്തോട് ചോദിക്കണമെന്ന് ജോസ് ടോം പുലിക്കുന്നേൽ പറയുന്നു. രണ്ടില ചിഹ്നംകിട്ടാത്തത് വിജയത്തെ ബാധിക്കില്ലെന്നും ജോസ് ടോം പറയുന്നു. ജോസഫ് വിഭാഗം പുതിയ സ്ഥാനാർത്ഥിയെ ഇറക്കിയതിൽ ആശങ്ക ഇല്ല. കൂടുതൽ പ്രതികരണം ഏഴാം തീയതി ചിത്രം വ്യക്തമായ ശേഷം പറയാമെന്നും ജോസ് ടോം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൂടുതൽ വായിക്കാം: 'രണ്ടില' യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് നൽകരുത്: തെര. കമ്മീഷന് ജോസഫിന്‍റെ കത്ത്

ജോസ് ടോമിന്‍റെ പത്രിക അംഗീകരിച്ചാൽ ജോസഫ് കണ്ടത്തിൽ പ്രതിക പിൻവലിക്കുമെന്ന് ജോസഫ് പക്ഷം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ പറയുന്നുണ്ട്. ജോസ് ടോമിന്‍റെ പത്രികയിൽ പാകപ്പിഴകളുണ്ടെന്ന് കേട്ടു. പത്രിക തള്ളാതിരിക്കാനാണ് 'ഡമ്മി'യെ ഇറക്കിയത്. എന്നാൽ ടോം ജോസ് തന്നെ ഡമ്മി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടല്ലോ പിന്നെന്തിനാണ് നിങ്ങൾ അവസാനനിമിഷം മറ്റൊരു 'ഡമ്മി'യെ ഇറക്കിയതെന്നതിന് വിചിത്രമായ മറുപടിയാണ് മഞ്ഞക്കടമ്പിൽ പറയുന്നത്. ജോസഫ് പക്ഷത്തോട് ഡമ്മിയെ ഇറക്കിയ കാര്യം അറിയിച്ചിരുന്നില്ലെന്നാണ് വാദം. 

ഇന്നലെ രണ്ടിലയിൽ ഒത്തുതീർപ്പിനായി ജോസ് ടോം ജോസഫിനെ വിളിച്ചിരുന്നെന്നും വന്ന് കാണാൻ സമയം ചോദിച്ചെന്നും അത് നൽകിയെന്നുമാണ് മഞ്ഞക്കടമ്പിൽ പറയുന്നത്. എന്നാൽ പിന്നെ എന്തോ ഇടപെടലുകളുണ്ടായി. ജോസ് ടോം കാണാൻ വന്നില്ല. ഒത്തുതീർപ്പ് നടക്കരുതെന്ന് ആർക്കോ നിർബന്ധമുണ്ടെന്നും സജി മഞ്ഞക്കടമ്പിൽ പറയുന്നു. 

ഈ സാഹചര്യത്തിലാണ് യുഡിഎഫ് വെട്ടിലാവുന്നത്. ഒത്തുതീർപ്പിനാണെങ്കിൽ ഇതടക്കം സകല കാര്യങ്ങളും ആദ്യം മുതലേ ഇനി ചർച്ച ചെയ്യണം. നിർത്തിയ വിമതനെ പിൻവലിക്കാതെ ജോസഫ് കടുംപിടിത്തം പിടിച്ചാൽ വെട്ടിലാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽത്തന്നെ കെ എം മാണി ജയിച്ചത് വെറും നാലായിരത്തിൽപ്പരം വോട്ടുകൾക്കാണ്. സീറ്റിനും ചിഹ്നത്തിലുമുള്ള വഴക്കിന് പിന്നാലെ കയ്യിലുള്ള വോട്ടുകളും കൂടി ചോരാതിരിക്കാൻ ഇനി യുഡിഎഫിന് നന്നേ പണിപ്പെടേണ്ടിവരും.