യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര. കർണാടകയിലെ 'ശക്തി' പദ്ധതിയുടെ മാതൃകയിൽ ഇത് നടപ്പാക്കിയാൽ സ്ത്രീകൾക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നും കൂടുതൽ തൊഴിൽ, പഠന അവസരങ്ങൾ ലഭിക്കുമെന്നും യുഡിഎഫ് പറയുന്നു.

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്ആ‍‌ർടിസിയിൽ സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന രാഹുൽ ​ഗാന്ധിയുടെ പ്രഖ്യാപനം കേരളത്തിൽ പല തരത്തിലുള്ള ച‍ർച്ചകൾക്ക് വഴിവച്ചിരുന്നു. പ്രകടന പത്രികയിലും ഇത് സംബന്ധിച്ച യുഡിഎഫിന്റെ വാ​ഗ്ദാനമുണ്ടായിരുന്നു. കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് നടപ്പാക്കിയ പദ്ധതിയാണിത്. ഇപ്പോഴും കർണാടക ആടിസിയിൽ ഇപ്പോഴും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. അധികാരത്തിലേറിയാൽ അതേ മോഡൽ കേരളത്തിലും വരുമെന്നാണ് കോൺഗ്രസ് വാക്ക് നൽകുന്നത്.

YouTube video player

കർണാടകയിൽ “ശക്തി സ്കീം” വഴിയാണ് സ്ത്രീകളുടെ ബസുകളിലെ സൗജന്യ ബസ് യാത്ര.ആദ്യ ദിവസങ്ങളിൽ തന്നെ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഓഫീസ് ജോലിക്കാർ മുതൽ ദിവസവേതന തൊഴിലാളികൾ വരെ ഇതിന്റെ ഭാഗമാണ്. പ്രായഭേദമോ സാമ്പത്തിക നിലയോ പരിഗണിക്കാതെ എല്ലാവർക്കും നേരിട്ട് സാമ്പത്തിക ആശ്വാസം ലഭിക്കുന്നുണ്ട്. ഇപ്പോൾ കോൺഗ്രസ് കേരളത്തിലും അതേ ആശയം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.

കേരളത്തിലെ ജനസംഖ്യ ഏകദേശം 3.5 കോടിയാണ്. ഇതിൽ അതായത് 1.8 കോടി സ്ത്രീകൾ ആണെന്നാണ് കണക്ക്. ഇതിൽ 12 മുതൽ 15 ലക്ഷം വരെ വിദ്യാർത്ഥികളായ പെൺകുട്ടികളാണ്. 45 മുതൽ 55 ലക്ഷം വരെ ജോലി ചെയ്യുന്ന സ്ത്രീകളും. ഇവരിൽ 60–70% പേർ ദിനംപ്രതി യാത്രക്കായി ആശ്രയിക്കുന്നത് ബസ് തന്നെയാണ്. ശരാശരി ഒരു വിദ്യാർത്ഥിക്ക് മാസം ₹800 മുതൽ ₹1500 വരെയാണ് മാസം ചെലവ് വരുന്നതെന്ന് കണക്കു കൂട്ടാം. ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ₹1500 മുതൽ ₹4000 വരെ യാത്ര ചെലവ് വരുന്നു. അതായത്… കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നിലവിൽ വന്നാൽ —₹2000 മുതൽ ₹4000 രൂപ വരെ സ്ത്രീകൾക്ക് മാസം ലാഭിക്കാം.

സ്ത്രീകൾക്ക് കൂടുതൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് യുഡിഎഫ് പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന കൂടുതൽ വിദ്യാർത്ഥിനികൾക്ക് തുടർ പഠനത്തിന് സാധിക്കും. കുടുംബത്തിൽ കൂടുതൽ സാമ്പത്തിക സ്ഥിരതയുമുണ്ടാകും. അതായത് പെൺകുട്ടികളും യുവതികളും സ്ത്രീകളും ചേർന്ന് ലഭിക്കുന്ന ഈ പണം കുടുംബത്തിന്റെ വളർച്ചയിലേക്കുള്ള വിഹിതമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.

സഞ്ചാര സ്വാതന്ത്ര്യം ഒരു ആനുകൂല്യമാണോ? അതോ അവകാശമാണോ? കേരളത്തിൽ ഈ വാഗ്ദാനം നടപ്പാകുമോ… നടപ്പായാൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ എത്ര വലുതായിരിക്കും? ഈ ചോദ്യങ്ങളെല്ലാം നീളുന്നത് ഒരു വലിയ രാഷ്ട്രീയ ചര്‍ച്ചയിലേക്കാണ്.