കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. 

തൃശ്ശൂർ: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പൂവൻകുലയും പട്ടും മധുരപലഹാരങ്ങളുമാണ് സുരേഷ് ​ഗോപി കൊരട്ടി മുത്തിക്ക് മുന്നിൽ സമർപ്പിച്ചത്. വൈദികൻ ശിരസിൽ കൈ തൊട്ട് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി പള്ളിയിൽ നിന്നും മടങ്ങിയത്. സുരേഷ് ഗോപിക്ക് മാതാവിന്‍റെ ചെറിയൊരു രൂപവും വൈദികന്‍ സമ്മാനിച്ചു. 

അതേ സമയം, വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതിൽ, വഖഫ് നൻമയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും ആയിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. അത് മുസ്ലിം സമുദായത്തിനും ​ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തിൽ ഈ കിരാതം അവസാനിപ്പിച്ചുവെന്ന് പറഞ്ഞ സുരേഷ് ​ഗോപി ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. 

ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കൂ. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്? മുസ്ളിങ്ങൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍പറഞ്ഞത്? നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ, ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്നും അദ്ദേഹം മറുപടി നല്‍കി. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates