തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകളും, സർവ്വകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണവും കർശന നടപടിയും വേണമെന്ന് എഐവൈഎഫ്‌ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി സംശയം ഉണ്ടെന്നും എഐവൈഎഫ്‌ ആരോപിച്ചു. 

പിഎസ് സി പൊലീസ് റാങ്ക് ലിസ്റ്റിൽ സ്പോർട്സ് വെയ്റ്റേജ് മാർക്കോടുകൂടിഉയർന്ന റാങ്കോടെ ഇടം നേടിയിരിക്കുന്ന ശിവരഞ് ജിത്തിന്‍റെ വീട്ടിൽ നിന്നുമാണ് സർവ്വകലാശാലാ ഫിസിക്കൽ ഡയറക്ടറുടെ സീലും കേരള സർവ്വകലാശാലയുടെ  ഉത്തരക്കടലാസും കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കിടയിലും പൊതു സമൂഹത്തിനിടയിലും ഉയർന്നു വന്നിട്ടുള്ള ആശങ്കകൾ അകറ്റാനും വിശ്വാസ്യത തെളിയിക്കാനുമുള്ള ബാദ്ധ്യത പി എസ് സി ക്ക് ഉണ്ടെന്നും എഐവൈഎഫ് സംസ്ഥാന നേതാക്കൾ പറഞ്ഞു.